kerala

അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി

By webdesk11

June 05, 2023

അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടി പിഴ ഈടാക്കി. ഞായറാഴ്ച രാത്രി താനൂര്‍ തീരദേശം കേന്ദ്രീകരിച്ച് അനധികൃതമായി രാത്രികാല മത്സ്യബന്ധനനം നടത്തുകയും കരയോട് ചേര്‍ന്ന് ട്രോള്‍വല ഉപയോഗിക്കുകയും ചെയ്ത നൂര്‍ജഹാന്‍ -രണ്ട് എന്ന ബോട്ടാണ് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇതിലുണ്ടായിരുന്ന മത്സ്യം പൊന്നാനി ഹാര്‍ബറില്‍ ലേലം ചെയ്ത് തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. നിയമം ലംഘിച്ചതിന് 2.5 ലക്ഷം രൂപയും ഈടാക്കും. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീജേഷ്, ഫിഷറീസ് ഗാര്‍ഡ് ശരണ്‍കുമാര്‍, റസ്‌ക്യൂഗാര്‍ഡുമാരായ അന്‍സാര്‍, അലി അക്ബര്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളില്‍ പട്രോളിംഗ് ശക്തമാക്കുമെന്നും നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി. സുനീര്‍ അറിയിച്ചു.