ഇസ്‌ലാമാബാദ്: പാക്കിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തുന്ന ചെലവു ചുരുക്കല്‍ പരിപാടിക്ക് തണുപ്പന്‍ പ്രതികരണം. സര്‍ക്കാരിന് മുതല്‍കൂട്ടാക്കുന്നതിന് സര്‍ക്കാര്‍ വാഹനങ്ങള്‍ ലേലം ചെയ്യുന്ന നടപടികള്‍ മന്ദഗതിയിലാണ്. ഇമ്രാന്‍ഖാന്‍ അവകാശപ്പെട്ടതിന്റെ പത്തിലൊന്നു തുക മാത്രമാണ് ഇതുവരെ സമാഹരിക്കാന്‍ സാധിച്ചത്.

ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് ബെന്‍സ് ഉള്‍പ്പെടെ നൂറോളം വാഹനങ്ങളാണ് ലേലത്തില്‍ വെച്ചത്. ഇതില്‍ 61 വാഹനങ്ങള്‍ വിറ്റെങ്കിലും വെറും 11 കോടി രൂപ മാത്രമാണ് ലേലത്തില്‍ സമാഹരിക്കാന്‍ സാധിച്ചത്. ഒരു ബുള്ളറ്റ് പ്രൂഫ് ബെന്‍സിനു മാത്രം പത്തു കോടി രൂപ വില വരുമെന്നാണ് വിവരം.

ചെലുവു ചുരുക്കലിന് ഇമ്രാന്‍ ഖാന്‍ ആവിഷകരിച്ച നടപടികള്‍ എല്ലാം പാഴായതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. മോട്ടോര്‍ വാഹനവ്യൂഹം ഒഴിവാക്കി ഹെലികോപ്ടറില്‍ ഓഫീസില്‍ എത്താനുള്ള ഇമ്രാന്റെ നീക്കത്തിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.