ബംഗളുരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തലച്ചേറില്ലാത്ത ആളാണ് ബിജെപിയുടെ അധ്യക്ഷ പദവി വഹിക്കുന്ന അമിത് ഷായെന്ന് സിദ്ധരാമയ്യ പറഞ്ഞു. അഴിമതിക്കാരന്‍ എന്ന അമിത്ഷായുടെ ആക്ഷേപത്തിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ പ്രതികരണം. അമിത് ഷാ ജയില്‍വാസത്തെ പരിഹസിച്ച് ഇരുമ്പഴിക്കുള്ളില്‍ കിടന്ന പക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഇരുമ്പ് കൂട്ടില്‍ കിടന്ന പക്ഷി ഇപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മറ്റൊരു ജയില്‍ കിളിയെ കൊണ്ടുവരികയാണ്. തനിക്കും തന്റെ സര്‍ക്കാറിനുമെതിരെ അമിത് ഷാ ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുകയില്ല, സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ബി.എസ് യെദ്യൂരപ്പയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സാമ്പത്തികനേട്ടത്തിനുവേണ്ടി അനധികൃതമായി ഭൂമി പതിച്ച് നല്‍കിയതിന് ജയിലില്‍ കഴിഞ്ഞ വ്യക്തിയാണ് യെദ്യൂരപ്പയെന്ന് അദ്ദേഹം ആരോപിച്ചു. മൈസൂരില്‍ നടത്തിയ റാലിക്കിടെയാണ് സിദ്ധരാമയ്യക്കെതിരെ അമിത് ഷാ അഴിമതി ആരോപണം ഉന്നയിച്ചത്. സിദ്ധരാമയ്യ എന്നാല്‍ അഴിമതിയും അഴിമതിയെന്നാല്‍ സിദ്ധരാമയ്യയുമാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.