അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 365 റണ്‍സിന് ഓള്‍ഔട്ട്. ഇതോടെ ഇന്ത്യക്ക് 160 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡായി.

96 റണ്‍സുമായി വാഷിങ്ടന്‍ സുന്ദര്‍ പുറത്താകാതെ നിന്നു. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് വാഷിങ്ടന്‍ സ്വന്തമാക്കിയത്. ഇന്ത്യക്ക് കളിയില്‍ മുന്‍തൂക്കം നല്‍കിയത് ഋഷഭ് പന്തിന്റെ നിര്‍ണായക സെഞ്ച്വറിയും ഒപ്പം വാഷിങ്ടനിന്റെ ചെറുത്തു നില്‍പ്പുമാണ്. വാഷിങ്ടന്‍ സുന്ദറിനൊപ്പം അക്‌സര്‍ പട്ടേലും മൂന്നാം ദിനത്തില്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം 43 റണ്‍സെടുത്താണ് പുറത്തായത്.

നേരത്തെ 146 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്ത് വാഷിങ്ടന്‍ സുന്ദര്‍ സഖ്യമാണ് കരകയറ്റിയത്. പന്ത് 101 റണ്‍സുമായാണ് പുറത്തായത്. പിന്നീട് വാഷിങ്ടന്‍ സുന്ദര്‍ അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. ഇഷാന്ത് ശര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ പൂജ്യത്തിന് പുറത്തായി.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായിരുന്നു. 55 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കി.