ഹൈദരാബാദ്: തുടര്‍ച്ചയായി ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയ വിരാത് കോലിയുടെ സംഘത്തിന് ഇനി ഓസീസ് പരീക്ഷണം. ഈ മാസം അവസാനത്തിലാണ് സ്റ്റീവന്‍ സ്മിത്തും സംഘവും വരുന്നത്. അതിനിടെ വേഗത്തില്‍ 250 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ബൗളര്‍ എന്ന റെക്കോര്‍ഡ് രവിചന്ദ്രന്‍ അശ്വിന്‍ നേടി.

45 മത്സരങ്ങളില്‍ ഈ നാഴികക്കല്ല് പിന്നിട്ട അശ്വിന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന് 45 ടെസ്റ്റില്‍ 218 വിക്കറ്റ് മാത്രമേ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 55 ടെസ്റ്റില്‍ 250 പിന്നിട്ട അനില്‍ കുംബ്ലെയായിരുന്നു ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച ബൗളര്‍.