രാജ്‌കോട്ട്: ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 537 റണ്‍സിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തിട്ടുണ്ട് ആതിഥേയര്‍. ഗൗതം ഗംഭീര്‍ (28), മുരളി വിജയ് (25) എന്നിവരാണ് ക്രീസില്‍. പത്ത് വിക്കറ്റും കയ്യിലിരിക്കെ 474 റണ്‍സ് പിറകിലാണ് ഇന്ത്യ.

ജോ റൂട്ട് (124), മുഈന്‍ അലി (117), ബെന്‍ സ്‌റ്റോക്‌സ് (128) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ഇംഗ്ലണ്ട് 537 റണ്‍സ് അടിച്ചുകൂട്ടിയത്. രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തപ്പോള്‍ അമിത് മിശ്ര ഒരു വിക്കറ്റ് നേടി.

ആറ് ബൗളര്‍മാരുമായി കളിക്കുന്ന ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, മുഈന്‍ അലി, സഫര്‍ അന്‍സാരി, ആദില്‍ റാഷിദ് എന്നിവര്‍ പന്തെറിഞ്ഞെങ്കിലും ഗംഭീറിന്റെയും വിജയിന്റെയും പ്രതിരോധം തകര്‍ക്കാനായില്ല. ഗംഭീര്‍ 68 പന്ത് നേരിട്ട് നാല് ബൗണ്ടറി നേടിയപ്പോള്‍ വിജയ് 75 പന്തില്‍ നിന്ന് നാലു തവണ അതിര്‍ത്തി കടത്തി.


Related: അലിക്കും സ്‌റ്റോക്‌സിനും സെഞ്ച്വറി; ഇംഗ്ലണ്ട് 537 നു പുറത്ത്‌