തിരുവനന്തപുരം: ടി20 പരമ്പരയിലെ നിര്‍ണായക മത്സരത്തിനായി തലസ്ഥാനത്തെത്തിയ ഇന്ത്യയുടേയും കിവീസിന്റെയും താരങ്ങള്‍ മിക്കവരും കോവളത്തെ ഹോട്ടലില്‍ തന്നെയായിരുന്നു സമയം ചെലവിട്ടത്. കീവിസ് താരങ്ങളില്‍ ചിലര്‍ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കോവളം തീരത്തിറങ്ങിയപ്പോള്‍, ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയും ഓപ്പണര്‍ ശിഖര്‍ ധവാനും ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

പരിശീലനത്തേക്കാള്‍ വിശ്രമത്തിനാണ് നിര്‍ണായക മത്സരത്തിന്റെ തലേദിവസം താരങ്ങള്‍ പ്രാധാന്യം നല്‍കിയത്. ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ പിറന്നാള്‍ ആഘോഷത്തിനായി ഹോട്ടലില്‍ ഞായറാഴ്ച രാത്രി കേക്ക് തയ്യാറാക്കിയിരുന്നു. വിമാനം വൈകിയതിനാല്‍ പക്ഷെ കേക്ക് മുറി നടന്നില്ല. രാത്രി ഏറെ വൈകിയെത്തിയ താരങ്ങള്‍ പലരും എഴുന്നേറ്റത് വളരെ വൈകി. ന്യൂസിലന്റ് പേസ് ബൗളര്‍ ബോള്‍ട്ടായിരുന്നു ആദ്യം ഹോട്ടല്‍ വിട്ട് പുറത്തിറങ്ങിയത്. പ്രഭാത സവാരിയായിരുന്നു ലക്ഷ്യമിട്ടതെങ്കിലും സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി പൊലീസ് ഇടപെട്ടതോടെ നടത്തം ഹോട്ടല്‍ മുറ്റത്തൊതുങ്ങി. ടെയ്‌ലര്‍, ഗപ്റ്റില്‍ അടക്കമുള്ളവര്‍ പതിവ് വ്യായാമത്തിനായി ജിമ്മിലേക്ക്. സുരക്ഷാ വിലക്കുകള്‍ ലംഘിച്ച് കിവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ബോള്‍ട്ടും പത്ത് മണിയോടെ സര്‍ഫിംഗിനായി വര്‍ക്കലയിലേക്ക് തിരിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടങ്കോലിട്ടതോടെ അതും പാതിവഴിയില്‍ ഉപേക്ഷിച്ചു ഹോട്ടലിലേക്ക് മടങ്ങി.

ഇന്ത്യന്‍ താരങ്ങള്‍ രാവിലെ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ പുലര്‍ച്ചെ എത്തുമെന്നമെന്നറിയിച്ചെങ്കിലും പിന്നീട് സമയം 10 മണിയാക്കി. ഒടുവില്‍ കോച്ച് രവിശാസ്ത്രിയും ടീം ഒഫീഷ്യല്‍സും മാത്രമാണ് ക്ഷേത്രത്തിലെത്തിയത്. രാത്രി ധവാനും ക്ഷേത്രദര്‍ശനത്തിനെത്തി. കോഹ്‌ലി, ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, സിറാജ് എന്നിവര്‍ യെസ് ടു ക്രിക്കറ്റ്-നോട്ട് ടു ഡ്രഗ് പ്രചാരണ പരിപാടിക്കായി ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെത്തി.