കൊറോണ വൈറസ് കാരണം പ്രതിസന്ധിയിലായ പാക്കിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യയും രംഗത്ത്. രാജ്യത്ത് നിര്‍മിച്ച 4.5 കോടി ഡോസ് കോവിഡ് വാക്‌സീനുകളാണ് പാകിസ്ഥാനു നല്‍കുന്നത്. ഫെഡറല്‍ ഹെല്‍ത്ത് സര്‍വീസസ് റെഗുലേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ആമിര്‍ അഷ്‌റഫ് ഖ്വാജയാണ് ഇക്കാര്യം അറിയിച്ചത്.

വാക്‌സിന്‍ അലയന്‍സ് ‘ഗവി’യുമായുള്ള കരാര്‍ പ്രകാരമാണ് 4.5 കോടി ഡോസ് വാക്‌സീന്‍ പാകിസ്ഥാനു നല്‍കുന്നത്. ഇതില്‍ 1.6 കോടി ഡോസ് ഈ വര്‍ഷം ജൂണിനകം നല്‍കും. രോഗപ്രതിരോധത്തിനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പൊതുസ്വകാര്യ ആഗോള ആരോഗ്യ പങ്കാളിത്തമാണ് ഗവി.

പാകിസ്ഥാന്‍ ഈ വര്‍ഷം ജനുവരിയില്‍ അടിയന്തര ഉപയോഗത്തിനായി ഓക്‌സ്ഫഡ്-അസ്ട്രാസെനെക്കയുടെ കോവിഡ് വാക്‌സീന്‍ അംഗീകരിച്ചിരുന്നു. അംഗീകാരം ലഭിച്ച ആദ്യത്തെ കോവിഡ് വാക്‌സീനും ഇതാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നെങ്കിലും ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല.

220 ദശലക്ഷം ജനങ്ങളില്‍ 70 ശതമാനത്തിനെങ്കിലും സൗജന്യമായി കോവിഡ് വാക്‌സീന്‍ നല്‍കാനാണ് പാകിസ്ഥാന്‍ പദ്ധതിയിടുന്നത്. സിനോഫാര്‍മിന്റെ 5 ലക്ഷം ഡോസുകള്‍ സംഭാവന ചെയ്യാമെന്ന് ചൈനയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, ഇന്ത്യ ഇതുവരെ 65 രാജ്യങ്ങള്‍ക്ക് വാക്‌സീനുകള്‍ നല്‍കിയിട്ടുണ്ട്.