സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ പിടിച്ച് ഇന്ത്യ. 407 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അവസാന ദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്ത് മത്സരം സമനിലയില്‍ എത്തിക്കുകയായിരുന്നു.

161 പന്തില്‍ 23 റണ്‍സുമായി ഹനുമ വിഹാരിയും 128 പന്തില്‍ 39 റണ്‍സുമായി അശ്വിനും പുറത്താകാതെ നിന്നു. ഇരുവരേയും പുറത്താക്കാന്‍ ഓസീസ് ബൗളിങ് നിര കിണഞ്ഞ് ശ്രമിച്ചെങ്കിലും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും പിടിച്ചു നിന്നതോടെയാണ് ഇന്ത്യ സമനില പിടിച്ചത്.

അഞ്ചാം ദിനം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ തുടക്കത്തിലേ നഷ്ടമായ ഇന്ത്യയ്ക്ക് നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ചേതേശ്വര്‍ പൂജാര ഋഷഭ് പന്ത് സഖ്യം പിരിഞ്ഞതാണ് കനത്ത തിരിച്ചടിയായത്. 148 റണ്‍സ് ചേര്‍ത്ത ശേഷമാണ് പൂജാര പന്ത് കൂട്ടുകെട്ട് പിരിഞ്ഞത്.

118 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 12 ഫോറുമടക്കം പന്ത് 97 റണ്‍സെടുത്തു. 205 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളോടെ 77 റണ്‍സെടുത്ത പൂജാരയെ ഹെയ്‌സല്‍വുഡ് പുറത്താക്കിയതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലാകുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ അശ്വിന്‍ വിഹാരി സഖ്യം അമിത പ്രതിരോധത്തിലൂന്നിയത് തിരിച്ചടിയായി മാറി. എങ്കിലും അധികം നഷ്ടങ്ങളില്ലാതെ മത്സരം സമനിലയില്‍ എത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.