ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ മുഖചിത്രമാക്കി പുറത്തിറങ്ങിയ വോഗിന്റെ പുതിയ ലക്കം വിവാദത്തില്‍. ഇരുണ്ട നിറമുള്ള കമലയെ കൂടുതല്‍ വെളുപ്പിച്ചു എന്നും വളരെ അനൗപചാരികമായ ഒരു പശ്ചാത്തലത്തില്‍ അവരെ അവതരിപ്പിച്ചു എന്നതുമാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രധാനം.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കമലയുടെ രണ്ടു ചിത്രങ്ങളാണ് വോഗ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുള്ളത്. ഒരു ചിത്രത്തില്‍ കറുപ്പ് നിറമുള്ള സ്യൂട്ടിലും, കോണ്‍വേര്‍സ് ഷൂവിലും മറ്റൊന്നില്‍ ഇളം നീല വസ്ത്രത്തിലും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിലും ആണ് കമല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുണ്ടവംശജ ആയിതന്നെയാണ് കമലയെ ജനങ്ങള്‍ സ്വീകരിച്ചതെന്നും അവരെ കൂടുതല്‍ വെളുപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നുമാണ് വോഗിനെതിരെ തുടരുന്ന നെറ്റിസണ്‍ പ്രതിഷേധങ്ങളില്‍ മുഖ്യം.

‘വോഗിന്റെ സാധാരണ നിലവാരം പോലും പുലര്‍ത്താത്ത ഒരു കവര്‍ചിത്രം’ എന്നും ‘തിരക്കുപിടിച്ചെടുത്തു ജീവന്‍ നഷ്ടപ്പെടുത്തിയതു പോലെ എന്നുമൊക്കെയാണ് ചിത്രത്തെ പറ്റി കമന്റുകള്‍ നിറയുന്നത്.

മറ്റു ചിലര്‍ പരാതിപ്പെട്ടിരിക്കുന്നത് ചിത്രത്തിനൊരുക്കിയ പശ്ചാത്തലരംഗപടത്തെ പറ്റിയാണ്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 41മത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആകാനാണ് യഥാക്രമം ജോ ബൈഡനും, കമല ഹാരിസും ഒരുങ്ങുന്നത്. അമേരിക്കയില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്ത്രീ മാത്രമല്ല കമല ഹാരിസ്, മറിച്ച് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കറുത്ത വംശജ കൂടിയാണ്. കമലാ ഹാരിസിന് ഈ തെരഞ്ഞെടുപ്പിലുണ്ടായ വിജയത്തോടെ, യുഎസിലെ നിരവധി ഇന്ത്യക്കാര്‍ക്കും മതിയായ പ്രാതിനിധ്യം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.