ആന്റിഗ്വ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തിന്‍ വിന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം. നോര്‍ത്ത് സൗണ്ടില്‍ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ ഒരു റണ്‍സിനായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ഇന്നിങ്‌സിലെ അവസാന പന്തില്‍ 224 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തി.

75 റണ്‍സ് നേടിയ പ്രിയ പൂനിയയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജമീമ റോഡ്രിഗസ് 41 റണ്‍സെടുത്തു. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പൂനം റാവത്ത് (22), മിതാലി രാജ് (20), ഹര്‍മന്‍പ്രീത് കൗര്‍ (5), ദീപ്തി ശര്‍മ (19) എന്നിവര്‍ നിരാശപ്പെടുത്തി. അനീസ മുഹമ്മദ് എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ജുലന്‍ ഗോസ്വാമി (12), എക്ത ബിഷ്ട് എന്നിവരായിരുന്നു ക്രീസില്‍. എന്നാല്‍ ബിഷ്ടിനേയും പിന്നാലെയെത്തി പൂനം യാദവിനേയും (0) പുറത്താക്കി അനീസ വിന്‍ഡീസിന് വിജയം സമ്മാനിച്ചു. അനീസ ഒന്നാകെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനത്തില്‍ 150 വിക്കറ്റുകളും അനീസ സ്വന്തമാക്കി.

നേരത്തെ ക്യാപ്റ്റന്‍ സ്‌റ്റെഫാനി ടെയ്‌ലര്‍ (94), നടാഷ മക്‌ലീന്‍ (51) എന്നിവരുടെ പ്രകടനമാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചെഡീന്‍ നേഷന്‍ 43 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.