മൗണ്ട് മോണ്‍ഗനുയി: കളിയുടെ സമഗ്ര മേഖലയിലും ആധിപത്യം പുലര്‍ത്തിയ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ന്യൂസിലാന്‍ഡിനെ തുരത്തിയ ഇന്ത്യക്ക് ഉജ്ജ്വല ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. മൂന്നാം ഏകദിനത്തിലും വിജയം കൊയ്ത ഇന്ത്യ ഇതോടെ പരമ്പരയും സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ 243 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച പ്രകടനം നടത്തിയ ബാറ്റിങ് നിരയുടെ കരുത്തില്‍ 42 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ (77 പന്തില്‍ 62), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (74 പന്തില്‍ 60) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. അമ്പാട്ടി റായുഡു (42 പന്തില്‍ 40), ദിനേശ് കാര്‍ത്തിക് (38 പന്തില്‍ 38) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യന്‍ പേസര്‍മാരുടെ മികച്ച ബൗളിങ്ങാണ് കിവീസ് സ്‌കോര്‍ 243ല്‍ ഒതുക്കിയത്. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ ത്രയം മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്.