ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയെ ഇന്ന് തിരഞ്ഞടുക്കും. രാജ്യമെമ്പാടും 32 പോളിങ് ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. പാര്‍ലമെന്റില്‍ 62ാം നമ്പര്‍ മുറിയിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമസഭയ്ക്കുള്ളിലാണ് ബൂത്ത്. സംസ്ഥാനങ്ങളിലെ ബാലറ്റ്‌പെട്ടികള്‍ വോട്ട് ചെയ്തുകഴിയുന്നതോടെ ഡല്‍ഹിയിലെത്തിക്കും. രാജ്യസഭയിലും ലോക്‌സഭയിലുമുള്ള 776 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും 4,120 എം.എല്‍.എമാര്‍ക്കുമാണ് രാജ്യത്തിന്റെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശമില്ല.

വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. വിജയിക്കുന്നയാള്‍ക്ക് 25ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മീരാകുമാറുമാണ് മത്സരിക്കുന്നത്.

പാര്‍ലമെന്റില്‍ രണ്ടും സംസ്ഥാനങ്ങളില്‍ ഓരോന്ന് വീതവും തെരഞ്ഞെടുപ്പു നിരീക്ഷകരുണ്ടാവും. പച്ച നിറത്തിലുളള ബാലറ്റ് പേപ്പറായിരിക്കും എം.പിമാര്‍ക്ക് വിതരണം ചെയ്യുക. എം.എല്‍.എമാരുടെ ബാലറ്റ് പിങ്ക് നിറത്തിലാണ്. വോട്ട് ചെയ്യാന്‍ വയലറ്റ് മഷിയുള്ള പ്രത്യേക പേനയും നല്‍കും. മറ്റേതെങ്കിലും നിറത്തിലുള്ള മഷിയുപയോഗിച്ചാല്‍ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറില്‍ മീരാകുമാറിന്റെ പേരായിരിക്കും ആദ്യത്തേത്. ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന പ്രത്യേക കത്ത് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കമ്മീഷന്‍ വിതരണം ചെയ്തിട്ടുണ്ട്. രഹസ്യ ബാലറ്റ് ഉപയോഗിക്കുന്നതിനാല്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തരുത്. പ്രത്യേക സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യണമെന്ന് വിപ്പ് നല്‍കാനും പാടില്ല. ഡല്‍ഹിയിലുള്ള മറ്റു സംസ്ഥാനങ്ങളിലെ എം.എല്‍.എമാര്‍ക്ക് ഡല്‍ഹിയില്‍ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിലുള്ള ആകെ വോട്ട് മൂല്യം 10,98,903 ആണ്. വിജയിക്കാന്‍ 5,49,001 വോട്ടുകള്‍ ലഭിക്കണം. ഒരു എം.പിയുടെ വോട്ട് മൂല്യം 708 ആണ്. കേരളത്തിന്റെ മൂല്യം 152 ആണ്. അതേസമയം, 60 ശതമാനത്തോളം വോട്ട് നേടി ബി.ജെ.പി സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ഉറപ്പായെങ്കിലും 18 പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്തി സംയുക്ത സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കോണ്‍ഗ്രസ്.

അതേ സമയം എന്‍.ഡി.എ.യുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഇന്ന് നിശ്ചയിക്കും. വൈകീട്ട് ചേരുന്ന ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗമായിരിക്കും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയാണ്.

പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ഗോപാല്‍ കൃഷ്ണഗാന്ധിയെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. എന്‍.ഡി.എ.സ്ഥാനാര്‍ഥിയായി ഒട്ടേറെ പേരുകള്‍ ഉയരുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍.