ഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിനങ്ങളിലും ട്വന്റി-20 മത്സരങ്ങളിലും ഇന്ത്യ അണിയുക ‘റെട്രോ’ തീം ജേഴ്‌സിയെന്ന് റിപ്പോര്‍ട്ട്. 1992ലെ ഇന്ത്യയുടെ ജേഴ്‌സിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ പുതിയ ജേഴ്‌സി. ഫാന്റസി ഗെയിമിങ് ആപ്പായ എംപിഎല്‍ ആണ് ഇന്ത്യന്‍ ജേഴ്‌സിയുടെ പുതിയ സ്‌പോണ്‍സര്‍മാര്‍. നൈക്കിയുമായുള്ള കരാര്‍ റദ്ദാക്കിയതിനു പിന്നാലെയാണ് 120 കോടി രൂപയുടെ മൂന്ന് വര്‍ഷത്തെ കരാറില്‍ ബിസിസിഐ എംപിഎലുമായി ഒപ്പിട്ടത്.
അതേസമയം, ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയ പുതിയ ജേഴ്‌സിയാവും അണിയുക. ജേഴ്‌സി ഓസ്‌ട്രേലിയ അവതരിപ്പിച്ചു. ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തെയും ബന്ധങ്ങളെയുമൊക്കെ പ്രതിനിധാനം ചെയ്യുന്ന ജേഴ്‌സിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അവതരിപ്പിച്ചിരിക്കുന്നത്.
നവംബര്‍ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. ഡിസംബര്‍ നാലിനാണ് ടി20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്.
ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളില്‍ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി20 ടീമുകളില്‍ രോഹിത് ഇല്ല. ഏകദിന ട്വന്റി-20 ടീമുകളില്‍ മലയാളിതാരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ട്.
Be the first to write a comment.