ഗുവാഹത്തി: ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.
ഒന്നാം പകുതിയുടെ 39 ാം മിനിറ്റില്‍ ഉറുഗ്വയുടെ മുന്‍നിര താരം എമിലിയാനോ അല്‍ഫാരോയുടെ ഗോളില്‍ നോര്‍ത്ത്് ഈസ്റ്റ് മുന്നിട്ടു നി്ന്നിരുന്നു. ഉശിരന്‍ തിരിച്ചുവരവ് നടത്തിയ കൊല്‍ക്കത്ത, രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന പോര്‍ച്ചുഗീസ് മാര്‍ക്വി താരം ഹെല്‍ഡര്‍ പോസ്റ്റീഗയിലൂടെ 63 ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. 82 ാം മിനിറ്റില്‍ സ്‌പെയ്‌നില്‍ നിന്നുള്ള മുന്‍നിര താരം യുവാന്‍ ബെലന്‍കോസോ കൊല്‍ക്കത്തയുടെ വിജയഗോളും വലയിലെത്തിച്ചു.
ഈ ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നും 12 പോയിന്റോടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുന്നിലെത്തിയപ്പോള്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 11 പോയിന്റ് നേടിയ മുംബൈ സിറ്റി എഫ്.സിയാണ് രണ്ടാമത്. 10 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നാം സ്ഥാനം തുടര്‍ന്നു.