ആര്‍.എസ്.എസിനെ നാണിപ്പിക്കും വിധം വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം പ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെയാണ് സിപിഎം പ്രവര്‍ത്തകന്‍ വര്‍ഗീയ പോസ്റ്റുമായി രംഗത്തെത്തിയത്. പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തി സി.പി.എം പ്രവര്‍ത്തകനായ ഇസ്മയീല്‍ കുറുമ്പൊയിലാണ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്.

‘കരുതിയിരിക്കുക. അടുത്ത വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിന് ശേഷം പള്ളികളില്‍ കലാപത്തിന് ആളെ കൂട്ടുന്നുണ്ടത്ര.’ എന്ന ഫോട്ടോ പോസ്റ്റാണ് ഇസ്മയീല്‍ പ്രചരിപ്പിച്ചത്. എന്നാല്‍ പോസ്റ്റിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ, ഇസ്മായീല്‍ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ നിന്നും നീക്കി. സമാന രീതിയില്‍ മുസ്‌ലിം ലീഗിനെതിരേയും ഇസ്മയീല്‍ പോസ്റ്റിട്ടിട്ടുണ്ട്.

‘ഇസ്മയീല്‍ കുറുമ്പൊയിനെതിരെ ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖും രംഗത്തെത്തി. ഇസ്മയീല്‍ പ്രചരിപ്പിച്ച ഫോട്ടോകളുടെ സക്രീന്‍ ഷോട്ടുകള്‍ പുറത്താക്കി, കടുത്തു വിമര്‍ശവുമായാണ് സിദ്ദീഖ് രംഗത്തെത്തിയത്. ഫെയ്‌സ് ബുക്കിലൂടെ തന്നെയായിരുന്നു സിദ്ദീഖിന്റെ പ്രതികരണം…

ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖിന്റെ പോസ്റ്റ് വായിക്കാം..

‘ഇസ്മയീല്‍ കുറുമ്പൊയില്‍, സിപിഐഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി, പനങ്ങാട് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ഡിവൈഎഫ്ഐ മുന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി’
സിപിഎം കോഴിക്കോട് ജില്ലാക്കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പില്‍ ‘ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം’ എന്ന പേരില്‍ പ്രവാചകനേയും ഇസ്ലാമിനേയും അപമാനിച്ചതില്‍ നിന്നും ഒരു പടി കൂടെ മുന്നോട്ട് കടന്ന് അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിനു ശേഷം പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു എന്ന രീതിയില്‍ സിപിഎം പ്രചാരണം തുടങ്ങിയിരിക്കുന്നു. മുകളില്‍ പറഞ്ഞിരിക്കുന്ന ഇസ്മയീല്‍ കുറുമ്പൊയിലിന്റെ ഫെയിസ്ബുക് പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് നോക്കൂ.
ആര്‍ എസ് എസിനെ പോലും നാണിപ്പിക്കുന്ന രീതിയില്‍ ഒരു സമുദായത്തിനെതിരെ പ്രവര്‍ത്തിക്കുകയാണു സിപിഎം. ഗെയില്‍ സമരത്തില്‍ പങ്കെടുക്കുന്നത് ജീവിക്കാന്‍ കൊതിയുള്ള മനുഷ്യരാണു. അവരെ വര്‍ഗ്ഗീയമായി കണ്ട് സിപിഎം കലാപം അഴിച്ച് വിടാന്‍ ശ്രമിക്കുന്നത് കേരളത്തിനു ഗുണം ചെയ്യുമോ എന്ന് ഭരണത്തിലിരിക്കുന്ന സിപിഎം മറുപടി പറയണം. സമരം ചെയ്യുന്ന മനുഷ്യരെ വര്‍ഗ്ഗീയമായി തിരിച്ച് തമ്മിലടിപ്പിക്കുക എന്നതാണു തന്ത്രം. പ്രിയപ്പെട്ട മതേതര വിശ്വാസികളേ സിപിഎമ്മിന്റെ ഈ കുതന്ത്രത്തില്‍ വീണു പോകരത് എന്നപേക്ഷിക്കുകയാണു.