News

വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം ഗസ്സയില്‍ ഇസ്രാഈല്‍ കൊലപ്പെടുത്തിയത് 97 ഫലസ്തീനികളെ

By webdesk17

October 20, 2025

വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം ഇസ്രാഈല്‍ കുറഞ്ഞത് 97 ഫലസ്തീനികളെ കൊല്ലുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 80 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഗസ്സ സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നു. ഇന്നലെ മാത്രം 43 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

അതേസമയം ഹമാസ് ആണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് ഇസ്രാഈല്‍ ആരോപിക്കുന്നു. എന്നാല്‍ ഹമാസ് ഇത് നിഷേധിച്ചിട്ടുണ്ട്. അതിനിടെ ഗസ്സയില്‍ ഇപ്പോഴും വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഗസ്സയിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഫോണില്‍ സംസാരിച്ചു. യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാനുള്ള നീക്കങ്ങളും ചര്‍ച്ചയായെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികളുടെ മാനുഷിക ദുരിതങ്ങള്‍ ഉടന്‍ പരിഹരിക്കേണ്ടതിന്റെയും ഇസ്രായേലിന്റെ പൂര്‍ണ പിന്‍മാറ്റവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ഞായറാഴ്ച രാത്രി മുതല്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുമെന്ന് ഇസ്രാഈല്‍ സൈന്യം അറിയിച്ചു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി.

16 ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും തിരിച്ചുകിട്ടാനുണ്ടെന്നും ഗസ്സയിലേക്കുള്ള മാനുഷിക സഹായം പകുതിയായി വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നത് വരെ ട്രംപിന്റെ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഭാഗത്തെ കുറിച്ച് ചര്‍ച്ചക്ക് തയ്യാറില്ലെന്നും നെതന്യാഹു പറഞ്ഞു.

ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ കുറഞ്ഞത് 68,159 പേര്‍ കൊല്ലപ്പെടുകയും 170,203 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.