ജെറുസലേം: അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളും അന്യഗ്രഹ ജീവികളും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതായി ഇസ്രായേലിന്റെ മുന്‍ ബഹിരാകാശ സുരക്ഷാ മേധാവി ഹെയിം ഇഷദ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറയുന്നു. ഒരു ഇസ്രായേലി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ചത്.

അമേരിക്കന്‍ ഭരണകൂടവും അന്യഗ്രഹ ജീവികളുടെ ‘ഗാലക്ടിക് ഫെഡറേഷനും’ തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഇഷദ് പറയുന്നത്. പ്രപഞ്ചത്തിന്റെ രൂപകല്‍പനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായാണ് ഈ കരാര്‍. മനുഷ്യരെ കുറിച്ച് പഠിക്കാന്‍ അന്യഗ്രഹജീവികള്‍ക്കും ജിജ്ഞാസയുണ്ട് എന്നും അദ്ദേഹം പറയുന്നു. മൂന്ന് ദശാബ്ദക്കാലം ഇസ്രായേലിന്റെ സ്‌പേസ് സെക്യൂരിറ്റി പ്രോഗ്രാമിന്റെ മേധാവിയായിരുന്നു ഇഷദ്.

കരാറിന്റെ ഭാഗമായി തങ്ങള്‍ ഇവിടെയുണ്ടെന്ന കാര്യം മനുഷ്യരോട് വെളിപ്പെടുത്തരുതെന്ന നിബന്ധനയും അന്യഗ്രഹ ജീവികള്‍ മുന്നോട്ട് വെച്ചിട്ടുണ്ടത്രെ .
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യം അറിയാമെന്ന വെളിപ്പെടുത്തലാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ട്രംപിന് അന്യഗ്രഹ ജീവികളെ കുറിച്ച് അറിയാം. ഈ ആശ്ചര്യകരമായ കാര്യം അദ്ദേഹം വെളിപ്പെടുത്താനിരുന്നതാണ്. എന്നാല്‍ ജനങ്ങളെ ഭീതിയിലാക്കാതിരിക്കാന്‍ അത് ചെയ്യരുതെന്ന നിര്‍ദേശം ലഭിക്കുകയായിരുന്നു.

ഇപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആശുപത്രിയിലായേനേ എന്നും ഇഷദ് പറഞ്ഞു.ഈ വാദങ്ങളെ കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല. എന്തായാലും ഇഷദിന്റെ വിചിത്രമായ വാദങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.