ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും ഒരു സ്വപ്‌നം തന്നെയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് നമ്മളെല്ലാവരും ആ സ്വപ്‌നം നേടിയെടുക്കുന്നത്. എന്നാല്‍ 86 രൂപയ്ക്ക് ഒരു വീട് ലഭിച്ചാലോ!, കേള്‍ക്കുമ്പോള്‍ തമാശയാണെന്ന് തോന്നിയാലും , സംഗതി സത്യമാണ്. ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയില്‍നിന്നാണ് കൗതുകകരമായ ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ 86 രൂപയ്ക്ക് വീടു വില്‍ക്കുന്നതിനു പിന്നില്‍ ഗൗരവകരമായ ചില വസ്തുതകളുമുണ്ട്.

വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നേരത്തേയും സമീപവാസികള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കോവിഡ് കാലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗണ്‍ മാനേജ്‌മെന്റ് തുച്ഛവിലയ്ക്ക് വീടുകള്‍ വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചത്. വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സലേമി മേയര്‍ ഡൊമിനികോ വെനുറ്റി പറയുന്നു.

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സലേമി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം.

മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രകാരം നവീകരണം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും നഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗണ്‍സില്‍ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക.നേരത്തേയും ഇറ്റലിയിലെ പല ചെറുപട്ടണങ്ങളും ഇത്തരത്തില്‍ തുച്ഛവിലയ്ക്ക് വില്‍പനയ്ക്ക് വച്ചിരുന്നു. സാംബുകാ പട്ടണത്തിലെ വീടുകള്‍ 73 രൂപയ്ക്കാണ് വില്‍പന നടത്തിയിരുന്നത്.