ദുബൈ: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സ് ലോകത്തെ മികച്ച സുരക്ഷയുള്ള വിമാനങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്ന ഇത്തിഹാദ് ഗള്‍ഫ് മേഖലയില്‍ നിന്നും 20 അംഗ പട്ടികയില്‍ ഇടം പിടിച്ച ഏക കമ്പനി കൂടിയാണ്. 123 ബോയിംഗ്, എയര്‍ബസ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ഇത്തിഹാദിന് 204 വിമാനങ്ങളാണുള്ളത്. വ്യോമ ചരിത്രത്തില്‍ ദുരന്ത ചരിത്രങ്ങള്‍ വിരളമായ ആസ്‌ത്രേലിയയുടെ ഖന്റാ്‌സ് ആണ് പട്ടികയില്‍ കിരീടം ചൂടിയത്. നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്‌കോം പട്ടിക തയ്യാറാക്കിയത്.

അപകടങ്ങള്‍, ഗുരുതര സംഭവങ്ങള്‍, ലാഭക്ഷമത, വിമാന നിരയുടെ പ്രായം, എവിയേഷന്‍സ് ഗവേണിംഗ് ബോഡി, ബന്ധപ്പെട്ട സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാക്കുന്ന കണക്കുകള്‍ തുടങ്ങിയവ പരിഗണിക്കപ്പെട്ടു.വിമാന സുരക്ഷയില്‍ റെക്കോര്‍ഡുള്ള ഖന്റാസിന് 96 വര്‍ഷത്തെ സുരക്ഷിത യാത്രയുടെ ചരിത്രമുണ്ട്. ബ്രിട്ടിഷ് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍ മേഖലയിലെ ഏറ്റവു പഴക്കം ചെന്ന വിമാന കമ്പനിയായി അംഗീകരിച്ചിട്ടുണ്ട്. വിമാന എന്‍ജിനുകള്‍ തല്‍സമയം സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതാണ് ഖന്റാസ് സുരക്ഷയുടെ രഹസ്യം.

വന്‍ദുരന്തങ്ങളുണ്ടാകുന്നതിന് മുന്‍പ് തന്നെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. ഏതാനും ബജറ്റ് എയര്‍ലൈനുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഖന്റാസിനു പുറമെ ആദ്യ 20ല്‍ സ്ഥാനം പിടിച്ചത് എയര്‍ ന്യൂസിലാന്‍, അലാസ്‌ക എയര്‍ലൈന്‍സ്, ആള്‍ നിപ്പോള്‍ എയര്‍വേയ്‌സ്, ബ്രിട്ടിഷ് എയര്‍വേയ്‌സ്, കാത്തി പസഫിക്, ഡെല്‍റ്റ എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ്, ഇവ എയര്‍, ഫിന്‍ എയര്‍, ഹവായിയന്‍ എയര്‍ലൈന്‍സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, കെ.എല്‍.എം, ലുഫ്താന്‍സ, സ്‌കാന്റിനേവിയന്‍ എയര്‍ലൈന്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സ്വിസ്, യുണൈറ്റഡ്, വെര്‍ജിന്‍ അറ്റ്‌ലാന്റിക്, വെര്‍ജിന്‍ ആസ്‌ത്രേലിയ എന്നിവയാണ്.