ബാര്‍സിലോണ: ക്രോയേഷ്യന്‍ ഫുട്‌ബോള്‍ താരം ഇവാന്‍ റാക്കിറ്റിച്ച് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. . സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഈ കാര്യം അറിയിച്ചത്. ക്രൊയേഷ്യക്ക് വേണ്ടി 106 മത്സരങ്ങളിലാണ് 32കാരനായ താരം ബൂട്ടണിഞ്ഞത്. എഫ്‌സി ബാസല്‍, ഷാല്‍ക്കെ, ബാഴ്‌സലോണ, സെവിയ്യ തുടങ്ങിയ ക്ലബുകളില്‍ കളിച്ചിട്ടുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച റാക്കിറ്റിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് യൂത്ത് ടീമുകളില്‍ കളിച്ചിരുന്നു. പിന്നീടാണ് താരം ക്രൊയേഷ്യയിലേക്ക് ചേക്കേറിയത്. ക്രൊയേഷ്യയുടെ അണ്ടര്‍ 21 ടീമില്‍ കളിച്ച താരം 2007ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ താരം നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. 106 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളാണ് അദ്ദേഹം നേടിയത്.

സ്വിസ് ക്ലബായ എഫ്‌സി ബാസലിലാണ് അദ്ദേഹം തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 2005ല്‍ യൂത്ത് ടീമില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ താരം 2007ല്‍ ജര്‍മ്മന്‍ ക്ലബ് ഷാല്‍ക്കെയിലേക്ക് പോയി. 2011ല്‍ സെവിയ്യയിലെത്തിയ താരം 2014ല്‍ ടീം ക്യാപ്റ്റനായി. സീസണ്‍ അവസാനത്തില്‍ അദ്ദേഹം ബാഴ്‌സലോണയിലെത്തി. ബാഴ്‌സലോണക്കായി 200 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. ഇക്കൊല്ലം അദ്ദേഹം വീണ്ടും തന്റെ പഴയ ക്ലബായ സെവിയ്യയിലേക്ക് മടങ്ങിയിരുന്നു