കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതുമായി ബന്ധപ്പെട്ട മതവിധി പറഞ്ഞതിന്റെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോട് കലിയടങ്ങാതെ മന്ത്രി കെ.ടി ജലീല്‍. സ്വര്‍ഗത്തില്‍ പോവാന്‍ തനിക്ക് സമസ്തയുടെ പാസ് വേണ്ടെന്ന് മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ജലീല്‍ സമസ്തയെന്ന പരമോന്നത പണ്ഡിത സഭക്കെതിരെ വീണ്ടും ആവര്‍ത്തിക്കുന്നത്.

ലീഗുകാര്‍ സൗജന്യ അരിവിതരണത്തിന് കൊടുക്കുന്ന കാര്‍ഡ് പോലെ സമസ്ത സ്വന്തക്കാര്‍ക്ക് സ്വര്‍ഗത്തിലേക്ക് പാസ് കൊടുക്കുകയാണെന്ന് അത് തനിക്ക് വേണ്ടെന്നും ജലീല്‍ പറയുന്നു. കഴിഞ്ഞ ദിവസം വനിതാ മതിലില്‍ അണിനിരന്ന സ്ത്രീകളും തങ്ങള്‍ക്ക് സമസ്തയുടെ അംഗീകാരം വേണ്ടെന്ന നിലപാടുള്ളവരാണെന്നും ജലീല്‍ പറയുന്നു.

സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് മതവിരുദ്ധമാണെന്നും അത് ആര് നടത്തിയാലും ശരിയല്ലെന്നുമാണ് സമസ്ത നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ പ്രസ്താവന വന്നത് മുതല്‍ സമസ്തക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി പണ്ഡിതന്‍മാരെ കടന്നാക്രമിക്കുകയാണ്. പണ്ഡിതന്‍മാരുടെ വാക്കുകള്‍ക്ക് സമുദായത്തില്‍ പുല്ലുവിലയാണെന്ന് കഴിഞ്ഞ ദിവസം ജലീല്‍ പറഞ്ഞിരുന്നു.