ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും. ഈ മാസം 26വരെ വിലക്ക് നീട്ടിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഗന്തര്‍ബാല്‍, ഉധംപൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും വിലക്ക് ബാധകമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇതിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വിലക്ക് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് സുപ്രീം കോടതി വിധിച്ചു. പിന്നാലെ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചെങ്കിലും 3ജി, 4ജി വിലക്ക് തുടര്‍ന്നു. പ്രത്യേക പദവി നീക്കം ചെയ്തതിനു ശേഷം കശ്മീര്‍ സാധാരണനിലയിലേക്കു തിരിച്ചെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴാണ് വിലക്ക് തുടരുന്നത്.