റാഞ്ചി: മുസ്‌ലിങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ യുവതിക്ക് അപൂര്‍വമായ ശിക്ഷവിധിച്ച് ജാര്‍ഖണ്ഡ് കോടതി. ഖുര്‍ആന്റെ അഞ്ച് കോപ്പികള്‍ സംഭാവന നല്‍കണമെന്ന നിബന്ധനയോടെയാണ് റിച്ച ഭര്‍ത എന്ന യുവതിക്ക് കോടതി ജാമ്യം നല്‍കിയത്. യുവതിക്കെതിരെ പരാതി നല്‍കി അന്‍ജുമന്‍ ഇസ്ലാമിയ കമ്മിറ്റിക്ക് ഖുര്‍ആന്റെ ഒരു കോപ്പിയും സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ക്ക് നാല് കോപ്പിയും സംഭാവന നല്‍കണമെന്നാണ് കോടതി വിധി.

ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ റിച്ചയെ ശനിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് ഇരു സമുദായങ്ങളില്‍ പെട്ടവരും തമ്മില്‍ സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഉത്തരവ് 15 ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് റിച്ചയുടെ അഭിഭാഷകന്‍ പറഞ്ഞു.