ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേള്‍ക്കുന്നുവെന്ന് പ്രചരിച്ചതോടെ അമ്മ ആരാധകര്‍ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍ ജയലളിതയുടെ കയ്യില്‍ കെട്ടിയിരുന്ന വാച്ചില്‍ നിന്നുള്ള ശബ്ദമാണ് പുറത്തുകേള്‍ക്കുന്നതെന്നാണ് വാസ്തവം.

നിത്യവും ജയലളിതക്ക് ആദരമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനായി അനേകം പേരാണ് ശവകുടീരത്തില്‍ എത്തുന്നത്. അവരാണ് ശബ്ദം കേള്‍ക്കുന്നുവെന്ന് പറയുന്നത്. വാര്‍ത്ത പരന്നതോടെ അമ്മ ആരാധകര്‍ ചെന്നൈ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മൃതദേഹത്തില്‍ കെട്ടിയ വാച്ചിന്റെ ശബ്ദമാണ് അസാധാരണ ശബ്ദം. വാച്ചിലെ സൂചികള്‍ ചലിക്കുന്നതാണ് പുറത്തേക്ക് കേള്‍ക്കുന്ന ശബ്ദം. ഈ ശബ്ദം കേള്‍ക്കാനായി പലരും ശവകുടീരത്തിനോട് ചേര്‍ന്ന് ചെവിവെച്ചുനില്‍ക്കുകയും ചെയ്യുന്നുണ്ട്.

സാരിയോടും വാച്ചുകളോടും ചെരിപ്പിനോടും അതിയായ കമ്പമുള്ളയാളായിരുന്നു ജയലളിത. അതുകൊണ്ടുതന്നെ സംസ്‌ക്കരിക്കുമ്പോള്‍ പച്ചസാരിയായിരുന്നു ധരിപ്പിച്ചിരുന്നത്. മറീനാ ബീച്ചില്‍ എംജിആറിന്റെ സ്മാരകത്തിനു സമീപമാണ് ജയലളിതയുള്ള ശവകുടീരം സ്ഥിതി ചെയ്യുന്നത്.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുതന്നെ അനേകം ദുരൂഹതകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകളും വരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ ആരോപിച്ചിരുന്നു. അതേസമയം, ജയലളിതയ്ക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ജയയുടെ മരണത്തോടെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കേസില്‍ കോടതി വിധി ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എഐഡിഎംകെ നേതാക്കള്‍.