ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ചെന്നൈ ആസ്ഥാനമായ തമിഴ്‌നാട് തെലുങ്ക് യുവശക്തി എന്ന സന്നദ്ധ സംഘടനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ജയലളിതയുടെ മുഴുവന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടെടുക്കണമെന്നും കേസില്‍ തീരുമാനം ഉണ്ടാകുംവരെ സ്വത്തുക്കളുടെ കൈമാറ്റം സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

ജയലളിതക്ക് നല്‍കിയ ചികിത്സയെക്കുറിച്ചും മരുന്നുകളെക്കുറിച്ചും മരണത്തിലെ ദുരൂഹതകളെക്കുറിച്ചും അന്വേഷണം വേണം. ഇതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ക്രിസ്മസ് അവധിക്കുശേഷം കോടതി പരിഗണിക്കും.