പട്‌ന : ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്ത് എന്‍ഡിഎ സഖ്യ കക്ഷിയായ ജെഡിയു പ്രമേയം പാസാക്കി. പട്‌നയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബിജെപി സര്‍ക്കാരുകള്‍ക്കെതിരേ പ്രമേയം പാസാക്കിയത്.

ഈ നിയമങ്ങള്‍ സമൂഹത്തില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുവെന്ന് ജെഡിയു വാക്താവ് കെ.സി.ത്യാഗി പറഞ്ഞു.’ ലവ് ജിഹാദ് എന്ന പേരില്‍ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. ഈ വിഷയങ്ങളില്‍ പാസാക്കുന്ന നിയമങ്ങള്‍ക്ക് എതിരാണ് പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടേച്ചര്‍ത്തു.

ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. ‘മതസ്വാതന്ത്ര്യ ബില്‍ 2020’ന് ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്തയാഴ്ച ചേരുന്ന മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തില്‍ ബില്ലവതരിപ്പിക്കുമെന്നാണ് സൂചന.

ബിഹാറില്‍ ബിജെപിയുമായി സഖ്യത്തിലുള്ള ജെഡിയു ഇത്തരത്തിലൊരു പ്രമേയം പാസാക്കിയത് മുന്നണിക്കുള്ളിലെ ഭിന്നത വലുതാക്കിയിട്ടുണ്ട്. നേരത്തെ അരുണാചല്‍ പ്രദേശില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നിപ്പിനിടയാക്കിയിരുന്നു. എന്നാല്‍ നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് വ്യത്യസ്ത സമീപനങ്ങളുണ്ടെന്ന് ബിഹാര്‍ ബിജെപി വക്താവ് പ്രേംരഞ്ജന്‍ പറഞ്ഞു.