റാഞ്ചി: ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം രാജിവെച്ചതിനു പിന്നാലെ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ ക്യാപ്ടന്‍സി നഷ്ടമായ ധോണിക്ക് ആശ്വാസമായി ജാര്‍ഖണ്ഡ്. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡ് ടീമിനെ ധോണിയാവും നയിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 25-ന് ആരംഭിക്കുന്ന 50 ഓവര്‍ ടൂര്‍ണമെന്റിനുള്ള 18 അംഗ ടീമിനെയാവും ധോണി നയിക്കുക.

കഴിഞ്ഞ സീസണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ ധോണി ജാര്‍ണ്ഡിനു വേണ്ടി കളിച്ചിരുന്നെങ്കിലും ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണ്‍ ആണ് ടീമിനെ നയിച്ചിരുന്നത്. ധോണി അടങ്ങുന്ന ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താവുകയായിരുന്നു. രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡ് ടീമിന്റെ ഉപദേശകന്‍ കൂടിയായിരുന്നു ധോണി.

ഇഷാന്‍ കിഷന്‍, സൗരഭ് തിവാരി, വരുണ്‍ ആരോണ്‍ തുടങ്ങിയ പ്രമുഖരടങ്ങുന്ന ജാര്‍ഖണ്ഡ് ടീം കര്‍ണാടകക്കെതിരെയാണ് വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ മത്സരം കളിക്കുക.