ന്യൂഡല്‍ഹി: മോദിയെന്ന നീര്‍ക്കുമിള എന്നോ പൊട്ടിയെന്ന് ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്. ദളിത് ഹുങ്കാര്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉമര്‍ ഖാലിദ്. ‘മോദി കുമിള പൊട്ടി. വികസനം കൊണ്ടുവരാത്ത മോദി സര്‍ക്കാറിനെ രാജ്യമെമ്പാടുമുളള വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ തുറന്നുകാട്ടി.’ വിദ്യാര്‍ത്ഥികള്‍ക്കുള്ള സബ്‌സിഡി വെട്ടിച്ചുരുക്കി അംബാനിക്കും അദാനിക്കുമുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും  ഉമര്‍ ഖാലിദ് വ്യക്തമാക്കി.

മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിയും രംഗത്തെത്തി. ഗുജറാത്തില്‍ ബി.ജെ.പിയുടെ സീറ്റ് 99 ആക്കി കുറച്ചതിനുള്ള പ്രതികാരമാണ് സര്‍ക്കാര്‍ ദളിതരോട് ചെയ്യുന്നതെന്ന് മേവാനി കുറ്റപ്പെടുത്തി. പൊലീസ് അനുമതി മറികടന്ന് നടത്തിയ യുവ ഹുങ്കാര്‍ റാലിയിലാണ് ജിഗ്‌നേഷ് തുറന്നടിച്ചത്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന യഥാര്‍ഥ വിഷയങ്ങളെ മറച്ചാണ് ഘര്‍ വാപ്പസി, ലവ് ജിഹാദ്, ഗോരക്ഷ എന്നിവക്ക് പ്രധാന്യം നല്‍കുന്നത്. ഞങ്ങള്‍ ഇതിനെതിരാണ്. ഭരണഘടനക്ക് അനുസൃതമായാണ് താന്‍ നിലകൊള്ളുന്നത്. അതിനാല്‍ തന്നെ എത്രവേണമെങ്കിലും വിമര്‍ശിക്കാം. ഞങ്ങള്‍ ലവ് ജിഹാദിലല്ല, സ്‌നേഹത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. അതിനാല്‍ പ്രണയദിനം ആഘോഷിക്കുമെന്നും മേവാനി പറഞ്ഞു.

പുതുതായി കൈകൊള്ളുന്ന പൗരത്വ ബില്ലിലുടെ രണ്ടു കോടി ബംഗ്ലാദേശി ഹിന്ദുക്കളെ നല്‍കാമെന്നാണ് ബി.ജെ.പി അസമിന് നല്‍കുന്ന വാഗ്ദാനമെന്ന് അസമില്‍ നിന്നുള്ള കര്‍ഷക നേതാവ് അഖില്‍ ഗഗോയ് റാലിയില്‍ പറഞ്ഞു. ബി.ജെ.പിയുടെ വോട്ടു ബാങ്കാക്കി ഇവരെ മാറ്റുകയാണ് ലക്ഷ്യം. ഇതുവഴി ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പത്തിന് കൂടുതല്‍ ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത്, പ്രത്യേക മത വിഭാഗത്തിനോ സമുദായത്തിനോ വേണ്ടിയല്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ തുറന്നടിച്ചു.

ഭീം സേനയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് റാവുവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മേവാനി റാലി സംഘടിപ്പിച്ചത്. മേവാനിയുടെ നേതൃത്വത്തിലുള്ള യൂത്ത് റാലിക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ മറികടന്നാണ് മേവാനിയും സംഘവും റാലി സംഘടിപ്പിച്ചത്. അതേസമയം, റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ ജിഗ്‌നേഷ് വിമര്‍ശിച്ചു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ‘നിര്‍ഭാഗ്യകര’മാണെന്ന് മേവാനി പ്രതികരിച്ചു. ജനാധിപത്യപരമായി സമാധാനപൂര്‍വം റാലി നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തങ്ങളെ ലക്ഷ്യമിടുകയാണെന്ന് മേവാനി ആരോപിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത അവരുടെ പ്രതിനിധിയെയാണ് സര്‍ക്കാര്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും മേവാനി ആരോപിച്ചു.

ഡോ. ബി.ആര്‍ അംബേദ്കറിന് ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. ‘വികസനത്തിനുവേണ്ടി നിലകൊളളുകയാണെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ ഗുജറാത്തില്‍ അമ്പലമാണോ പള്ളിയാണോ വേണ്ടതെന്ന് ചോദിക്കുകയും ചെയ്യും’ എന്നാണ് പൂജ ശുക്ല റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മെവാനി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഖില്‍ ഗോഗോയ്, വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷെഹ്‌ല റാഷിദ്, കനയ്യകുമാര്‍, എ.എം.യു വിമന്‍സ് കോളജ് പ്രസിഡന്റ് നബ, ഭീം ആര്‍മി നേതാവ് വിനയ് രതന്‍, ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ പൂജന ശുക്ല, ബി.എച്ച്.യുവിലെ ശന്തനു, ഫിലിംമേക്കര്‍ നകുല്‍ സ്വാഹ്നെ, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് റാലിയില്‍ അണിനിരന്നത്.