കാണാതായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂരുകാരനായ ജെ.ആര്‍ ഫൈല്‍മോന്‍ രാജയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171ാം റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ കാണാതായിരുന്നു.

അതേസമയം, കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ നജീബ് അഹ്മദിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

റൂമില്‍ നിന്നുണ്ടായ ദുര്‍ഗന്ധത്തില്‍ സംശയം തോന്നിയ അടുത്ത റൂമിലെ വിദ്യാര്‍ത്ഥി മറ്റുള്ളവരെ വിളിച്ച് വരുത്തുകയായിരുന്നു. സെക്യൂരിറ്റി അധികൃതരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടതെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു.

എയിംസ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വിദ്യാര്‍ത്ഥിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.