Sports

റെക്കോര്‍ഡ് ബുക്കില്‍ ജോസേട്ടന്റെ തൂക്കിയടി; ഇനി മുന്നില്‍ ആന്‍ഡേഴ്സണ്‍ മാത്രം

By Akhila

January 28, 2026

ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ജോസ് ബട്‌ലര്‍. 400 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമായി ബട്‌ലര്‍ മാറി. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണിന് പിന്നിലായി ഇപ്പോള്‍ ബട്‌ലറാണ്.

ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റുകളിലായി ഇതുവരെ 400 മത്സരങ്ങളില്‍ ബട്‌ലര്‍ പാഡ് അണിഞ്ഞു. ഇനി രണ്ട് മത്സരങ്ങളില്‍ കൂടി കളിച്ചാല്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമായി ബട്‌ലര്‍ മാറും. നിലവില്‍ 401 മത്സരങ്ങള്‍ കളിച്ച ജെയിംസ് ആന്‍ഡേഴ്സണ്‍ 991 വിക്കറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. 400 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 14 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 12,291 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം.

57 ടെസ്റ്റുകളില്‍ നിന്ന് 2,907 റണ്‍സ് (ശരാശരി 31.94) നേടിയ ബട്‌ലര്‍, രണ്ട് സെഞ്ച്വറിയും 18 അര്‍ധസെഞ്ച്വറിയും സ്വന്തമാക്കി. ഏകദിനത്തില്‍ 198 മത്സരങ്ങളില്‍ നിന്ന് 5,515 റണ്‍സ് (ശരാശരി 39.11) – 11 സെഞ്ച്വറി, 29 അര്‍ധസെഞ്ച്വറി. ടി20യില്‍ 144 മത്സരങ്ങളില്‍ നിന്ന് 3,869 റണ്‍സ് (ശരാശരി 35.49), ഒരു സെഞ്ച്വറിയും 28 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ. രണ്ടുതവണ ഐസിസി ലോകകിരീടം നേടിയിട്ടുള്ള ബട്‌ലര്‍, ഫെബ്രുവരി 7ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനായി കളിക്കും. നിലവില്‍ ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റന്‍.