പട്‌ന: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇന്ന്, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ പങ്കെടുത്ത പ്രചാരണ സമ്മേളനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയായിരുന്നു പ്രചാരണം.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറു കണക്കിന് പേരാണ് ബമോരി മണ്ഡലത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിനെത്തിയത്. ഇവരില്‍ മിക്കവരും ബഹുഭൂരിപക്ഷവും മാസ്‌ക് ധരിച്ചിരുന്നില്ല. ചില സ്ത്രീകളുടെ മടിയില്‍ കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്. കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ബിജെപി നേതാക്കള്‍ തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പിറത്തിയ പ്രചാരണവുമായി മുമ്പോട്ടു പോകുന്നത്.