കൊച്ചി: സിനിമാ സെറ്റിലുണ്ടായ വഴക്കില്‍ സലിംകുമാറിനോട് മാപ്പു പറഞ്ഞ് നടി ജ്യോതി കൃഷ്ണ. ചെറുപ്രായത്തിന്റെ പക്വതക്കുറവു കൊണ്ട് സംഭവിച്ചതാണ് എന്നും എല്ലാറ്റിനും ക്ഷമ ചോദിക്കുന്നു എന്നും നടി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ചലഞ്ച് വീഡിയോയില്‍ ആണ് നടി ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്. മനോരമ ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളിലും സോറി പറയാതെ ഈഗോ വച്ച് അതില്‍ നിന്നും മുന്നോട്ടുപോകാറുണ്ട്. പിന്നീട് കുറേ കാലങ്ങള്‍ കഴിഞ്ഞാകും ആ ചെയ്തത് ശരിയായില്ല എന്ന തോന്നല്‍ ഉണ്ടാകുക. ആ സമയത്ത് ഈഗോ മാറ്റിവച്ച് സോറി പറഞ്ഞാല്‍ മനസിനു തന്നെ സമാധാനം ഉണ്ടാകും. അത് കേള്‍ക്കുന്നവര്‍ക്കും സന്തോഷം. ചില പ്രശ്‌നങ്ങള്‍ കൊണ്ട് അകന്നു പോയവരെ തിരിച്ചു പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയവരോടും മടിക്കാതെ സോറി പറഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം’ – അവര്‍ പറഞ്ഞു.

സലിംകുമാര്‍ ചേട്ടനോടാണ് തനിക്ക് ആദ്യം ക്ഷമ ചോദിക്കേണ്ടത്. 2013ല്‍ സിനിമയുടെ സെറ്റില്‍ വച്ച് ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി. പക്വതയില്ലാത്തതു കൊണ്ട് സംഭവിച്ചതാണ്. ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്. നല്ലൊരു വഴക്കായി മാറി. പിന്നീട് പരസ്പരം മിണ്ടിയിട്ടില്ല. സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് പോകുമ്പോള്‍ സലിംകുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല- അവര്‍ പറഞ്ഞു.

‘ അദ്ദേഹം സെറ്റില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഞാന്‍ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോള്‍ എനിക്കു സ്വയം പുച്ഛം തോന്നുന്നു. എന്നാല്‍ പിന്നീട് സലീമേട്ടന്‍ വളിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ക്ഷമ ചോദിക്കുന്നു’ – അവര്‍ കൂട്ടിച്ചേര്‍ത്തു.