കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെത്തി മുസ്‌ലിംലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനെ വര്‍ഗീയമായി ചിത്രീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി കെ.സുധാകരന്‍ എം.പി.

വിജയരാഘവന്‍ ഇരിക്കുന്നത് വലിയസ്ഥാനത്താണ്. ആസ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുടെ വീടുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുന്നതില്‍ യാതൊരുതെറ്റുമില്ലെന്നും പാണക്കാട് ഇനിയും പോകുമെന്നും സുധാകരന്‍ പറഞ്ഞു. വിജയരാഘവന് നാണമില്ലെങ്കിലും പാര്‍ട്ടിക്ക് നാണം വേണമെന്നും അദ്ദേഹം പറഞ്ഞു.