തിരുവനന്തപുരം: കൊച്ചി മോട്രോ ഉദ്ഘാടനവേദിയില്‍ ഇ.ശ്രീധരനെ ഉള്‍പ്പെടുത്തിയെന്ന പ്രഖ്യാപനം നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പ്പത്തരമാണെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിപക്ഷനേതാവിനേയും ഇ. ശ്രീധരനേയും ഉദ്ഘാടനവേദിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇത് മുഖ്യമന്ത്രി അറിയിക്കുന്നതിന് മുമ്പുതന്നെ കുമ്മനം പറഞ്ഞത് അല്‍പ്പത്തരമാണ്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്നും കുമ്മനത്തെ കടകംപള്ളി പരിഹസിച്ചു.

ശനിയാഴ്ച്ച നടക്കുന്ന മെട്രോ ഉദ്ഘാടനവേദിയില്‍ നിന്നും രമേഷ് ചെന്നിത്തലയേയും ഇ. ശ്രീധരനേയും ഒഴിവാക്കിയ നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി കത്തയക്കുകയായിരുന്നു. പിന്നീട് വേദിയില്‍ സ്ഥാനം ലഭിച്ചുവെന്ന വാര്‍ത്ത മുഖ്യമന്ത്രിക്കു മുമ്പ് കുമ്മനം പത്രസമ്മേളനം വിളിച്ച് അറിയിക്കുകയായിരുന്നു.