റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

ഇന്ന് രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. മല്‍സരിക്കുന്ന നാല് ടീമുകളും പ്രമുഖര്‍. മികച്ച പരിശീലകര്‍, മികച്ച താരങ്ങള്‍, മികച്ച കോമ്പിനേഷനുകള്‍ എന്നിങ്ങനെ താരതമ്യത്തിന്റെ ടേബിളില്‍ എല്ലാവരും ഒന്നിനൊന്ന് തുല്യര്‍. പക്ഷേ അവസാന കടമ്പ കടക്കാനുള്ള ആര്‍ജ്ജവമെന്ന കില്ലിംഗ് സ്പിരിറ്റുണ്ടല്ലോ-അതല്‍പ്പം കൂടുതലുള്ളവരാണ് ഫ്രാന്‍സും ബ്രസീലും. അതിനാല്‍ ഇന്നത്തെ അങ്കങ്ങള്‍ ഇവര്‍ ജയിക്കുമെന്നാണ് എന്റെ പക്ഷം. ഇവരായിരിക്കും സെമിഫൈനലിലെ പോരാളികള്‍.
കളിയിലെ രസതന്ത്രങ്ങള്‍ പലതാണ്. കടലാസിലോ കംപ്യൂട്ടറിലോ പരിശീലകര്‍ ചിട്ടപ്പെടുത്തുന്ന ഗെയിം ചിലപ്പോള്‍ മൈതാനത്ത്് പ്രയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ തോല്‍ക്കില്ലെന്ന മനസ്സുണ്ടല്ലോ-അത് കടലാസിലും മൈതാനത്തും ഒന്നാണ്. എന്ത് കൊണ്ട് ബ്രസീല്‍ അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായി…? അവരുടെ സൗന്ദര്യ ഫുട്‌ബോളും താരബലവുമെല്ലാമുളളപ്പോള്‍ തന്നെ ബ്രസീല്‍ താരങ്ങളുടെ ശരീരഭാഷയുണ്ടല്ലോ-അത് പരാജിതന്റേതല്ല. എന്നിട്ടും എന്ത് കൊണ്ട് കഴിഞ്ഞ ലോകകപ്പ്് സെമി ഫൈനലില്‍ സ്വന്തം മൈതാനത്ത് ജര്‍മനിയോട് ഏഴ് ഗോളിന് തോറ്റു എന്നൊരു ചോദ്യം ചിലരെങ്കിലും ഉന്നയിച്ചേക്കാം. അത് പരിശീലകന്റെ വലിയ പിഴവായിരുന്നു. ആ മല്‍സരത്തിന് മുമ്പ് ടീമിന് മാനസികാഘാതമായി നെയ്മര്‍ക്ക് പരുക്കേല്‍ക്കുന്നു. ക്യാപ്റ്റന്‍ തിയാഗോ സില്‍വ സസ്‌പെന്‍ഷനിലാവുന്നു. രണ്ട് പ്രമുഖരെ കൂടാതെ കളിക്കേണ്ടി വരുമ്പോള്‍ സാധാരണ പരിശീലകര്‍ ചെയ്യാറുള്ളത് കളിക്കാര്‍ക്ക് മാനസികോര്‍ജ്ജം കൊടുക്കലാണ്. പക്ഷേ ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരി എന്ന പരിശീലകന്‍ അന്ന് താരങ്ങള്‍ക്ക് നല്‍കിയത് ആശങ്കയുടെ റൊട്ടി കഷ്ണമാണ്. ജര്‍മനിക്കെതിരെ തലേ ദിവസം രാത്രിയില്‍ അദ്ദേഹം ഗെയിം പ്ലാന്‍ മാറ്റി. ആദ്യ ഇരുപത് മിനുട്ട് ആക്രമിക്കാന്‍ സ്വന്തം താരങ്ങള്‍ക്ക്് നിര്‍ദ്ദേശം നല്‍കി. മുന്‍പിന്‍ ആലോചിക്കാതെ എല്ലാവരും അതങ്ങ് അനുസരിച്ചു. പ്രത്യാക്രമണമുണ്ടായാല്‍ എന്ത് ചെയ്യുമെന്ന് സ്‌ക്കോളാരിക്കും നിശ്ചയമുണ്ടായിരുന്നില്ല. ജര്‍മനി പ്രത്യാക്രമണം ശക്തമാക്കിയപ്പോഴാണ് ഗോളുകള്‍ ഒഴുകി വന്നത്. ആശങ്കയുടെ ഭാഷ ഒരു പരിശീലകനും നല്‍കരുത്. അര്‍ജന്റീന ഇവിടെ തോറ്റ് പുറത്തായതിന് പിറകിലെ കാരണം ജോര്‍ജ്ജ് സാംപോളിയുടെ ആശങ്കയല്ലേ…


റഷ്യയില്‍ കളിക്കുന്ന ബ്രസീലുകാരുടെ ശരീരഭാഷ നെഗറ്റീവല്ല-നാല് കളികളിലും അവരുടെ ഊര്‍ജ്ജവും സമീപനവുമെല്ലാം വിജയികളുടേതാണ്. ടിറ്റേ എന്ന ആശാന്‍ പിറകോട്ട് ചിന്തിക്കുന്നില്ല. ഇന്ന് ബെല്‍ജിയത്തിനെതിരെ ബ്രസീലിന് വ്യക്തമായ സാധ്യത കാണുന്നതിന്റെ കാരണവും സമീപനത്തിലെ ആ ദീര്‍ഘവീക്ഷണം തന്നെ. ബെല്‍ജിയവും അതേ പടി ചിന്തിക്കുന്നവരാണ്-ജപ്പാനെതിരെ നമ്മളത് കണ്ടു. പക്ഷേ ഇന്ന് മുന്നില്‍ ജപ്പാനല്ല-ബ്രസീലാണ്. അതാണ് മാറ്റവും. മരിക്കുമെന്നറുപ്പുളളവന്റെ എടുത്തുചാട്ടമുണ്ടല്ലോ-അതായിരുന്നു ജപ്പാന്‍. ബ്രസീല്‍ മരിക്കാനല്ല വരുന്നത്-ജീവിക്കാന്‍ തന്നെയാണ്. ഇന്നത്തെ കളിയില്‍ മരണമുഖത്ത് ജപ്പാന്‍ അകപ്പെട്ടത് പോലെയാണ് ബെല്‍ജിയം.

ഉറുഗ്വേയില്‍ നിന്നും ഫ്രാന്‍സിലേക്കുളള ദൂരം അല്‍പ്പം കൂടുതലാണ്. പ്രധാന കാരണം ഉറുഗ്വേക്ക് സ്വന്തം കരുത്തില്‍ വിശ്വാസമുണ്ട്. അത് പ്രധാനമാണ്. പക്ഷേ ഫ്രാന്‍സിന് സ്വന്തം കരുത്തിനൊപ്പം പ്രതിയോഗിയെ തോല്‍പ്പിക്കാമെന്ന വിശ്വാസവുമുണ്ട്. ആ മാറ്റമാണ് ആദ്യ ക്വാര്‍ട്ടറില്‍ കാണാനാവുക. അര്‍ജന്റീനയെ നേരിട്ട ഫ്രാന്‍സ് അങ്കലാപ്പിന്റെ ലക്ഷം കാട്ടിയില്ല. ആദ്യം ഗ്രിസ്മാന്റെ പെനാല്‍ട്ടി ഗോള്‍. പിറകെ ഡി മരിയയുടെ സമനില. പിന്നെ അര്‍ജന്റീനയുടെ ലീഡ് ഗോള്‍. അവിടെ നിന്നുമാണ് കൈലിയന്‍ മാപ്പെ രണ്ട് ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നത്-അത്തരമൊരു ഘട്ടത്തില്‍ വിശ്വാസത്തോടെ കളിക്കുമ്പോഴുള്ള ഊര്‍ജ്ജമാണ് പ്രധാനം. അതിനെയാണ് നമ്മള്‍ കില്ലിംഗ് സ്പിരിറ്റ് എന്ന് പറയുന്നത്. രണ്ട് കാര്യങ്ങളില്‍ തോല്‍ക്കരുതെന്നാണ്. യുദ്ധത്തിലും പ്രണയത്തിലും. പക്ഷേ കളിയിലും തോറ്റ് കൂടെന്ന സ്പിരിറ്റാണ് ബ്രസീലും ഫ്രാന്‍സും ഉയര്‍ത്തുന്നത്.

നാല് വര്‍ഷത്തെ കാത്തിരിപ്പാണിത്. ആ കാത്തിരിപ്പ് ഒരു തോല്‍വിക്ക് വേണ്ടിയുള്ളതല്ലെന്ന ബോധം താരങ്ങളിലേക്ക് വരുമ്പോഴാണ് അവര്‍ ആസൂത്രണത്തോടെ കളിക്കുക. മൈതാനം വലം വെച്ചത് കൊണ്ടോ, റഫറിയോട് കയര്‍ത്തത് കൊണ്ടോ കാര്യമില്ല-90 മിനുട്ടിനെ പ്രയോജനപ്പെടുത്തണം. തുല്യമായ അളവില്‍ ഊര്‍ജ്ജവും മനസ്സും നല്‍കുക. നിങ്ങള്‍ക്ക് ജയിക്കാം. പ്രതിയോഗിയെ ഫൗള്‍ ചെയ്യാന്‍ പോയി ഊര്‍ജ്ജം കളയുന്നവന്‍ വിഡ്ഡിയാണ്. റഫറിയോട് കയര്‍ത്ത്് കാര്‍ഡ് വാങ്ങുന്നവന്‍ പമ്പരവിഡ്ഡിയും. മെസിയെ നോക്കുക-അദ്ദേഹത്തിലെ കളിക്കാരന്‍ അനാവശ്യമായി ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നില്ല. ബഹളത്തിന് പോവുന്നില്ല-പന്തിനെ ശരിക്കുമറിയുന്ന കളിക്കാരന്‍. ഇത്തരക്കാര്‍ ബ്രസീലിലും ഫ്രാന്‍സിലും ഒന്നിലധികമുണ്ട്.

ടിറ്റേയും ദീദിയര്‍ ദെഷാംപ്‌സും ചിന്തിക്കുന്ന പരിശീലകരാണ്. സ്വന്തം ചിന്തകളെ താരങ്ങളിലേക്ക് പകര്‍ത്താനും അവര്‍ക്ക്്് കഴിയുന്നുണ്ട്. ഈ ടീമുകളെ അല്‍പ്പം ഭാഗ്യവും കൂടി തുണച്ചാല്‍ ഒന്നുറപ്പ്-ബ്രസീല്‍-ഫ്രാന്‍സ് സെമി.