Connect with us

Culture

ഉറുഗ്വേ പൂട്ട് പൊട്ടിക്കാന്‍ ഫ്രാന്‍സിന് എംബാപ്പെ വേഗം; കവാനി കളിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

Published

on

മോസ്‌ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുളള അതിശക്ത പോരാട്ടത്തിന്റെ വഴിയില്‍ ഒരുവശത്ത് ഫ്രാന്‍സും ഉറുഗ്വേയും ഏറ്റുമുട്ടുന്നു. ഈ ലോകകപ്പിന് വളരെ അരികില്‍ വരുമെന്ന് എല്ലാവരും പ്രവചിച്ചിരിക്കുന്ന ബ്രസീലും യൂറോപ്പിലെ പുത്തന്‍കൂറ്റുകാരായ ബെല്‍ജിയവും മറുവശത്തും.

നിഷ്‌നി നോവോഗാര്‍ഡിലെ നിഷ്‌നി നോവോഗാര്‍ഡ് സ്‌റ്റേഡിയത്തിലെ അവസാന മല്‍സരത്തില്‍ ലോക ഫുട്‌ബോളിലെ അതികായരായ മുന്‍നിരക്കാരുടെ ബലാബലവും. അര്‍ജന്റീന ഇവിടെ കളിക്കുമെന്ന് കരുതി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ധാരാളം. അവരില്‍ പകുതിയോളം പേര്‍ ടിക്കറ്റ് വിറ്റ് മടങ്ങിയിരിക്കുന്നു. ഫ്രാന്‍സിന് പകരം അര്‍ജന്റീന വരേണ്ടതായിരുന്നു ഇവിടെ. പക്ഷേ മെസിയും സംഘവും തോറ്റ് പുറത്തായപ്പോള്‍ തല താഴ്ത്തിയ അര്‍ജന്റീനിയന്‍ ആരാധകര്‍ പക്ഷേ ഇന്ന് ഉറുഗ്വേക്കാര്‍ക്കൊപ്പമാണ്-അത് വന്‍കരാ സ്‌നേഹം.
രണ്ട് ടീമിലും ഉഗ്രരായ മുന്‍നിരക്കാരുണ്ട്. ഫ്രാന്‍സ് സംഘത്തില്‍ കൈലിയന്‍ മാപ്പെ, ഒലിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രിസ്മന്‍, പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ തുടങ്ങിയ വമ്പന്മാര്‍. ഉറുഗ്വേ സംഘത്തില്‍ മുന്‍നിരയിലെ കുന്തമുനകളായ എഡിന്‍സന്‍ കവാനിയും ലൂയിസ് സുവാരസും. ഇവരെ പിടിച്ചു കെട്ടാന്‍ രണ്ട് സംഘത്തിലുമുണ്ട് കനമുള്ള പിന്‍നിരക്കാര്‍. റഷ്യ ദര്‍ശിച്ച മികച്ച ഡിഫന്‍സാണ് ഡീഗോ ഗോഡിന്‍ നയിക്കുന്ന ഉറുഗ്വേയുടേത്. അതിനെ തുളച്ചുകയറുക എന്നത് ഒരിക്കലും എളുപ്പമായിരിക്കില്ല ഫ്രഞ്ച് ആക്രമണനിരക്ക്. ജോസ് ഗിമിനസ്, ഗുലെര്‍മോ വരേല, മാര്‍ട്ടിന്‍ കസാറസ് എന്നിവരാണ് പ്രതിരോധത്തില്‍ നായകനെ സഹായിക്കുന്നവര്‍. ഈജിപ്തുകാരും സഊദിക്കാരും റഷ്യക്കാരും നുഴഞ്ഞ് കയറാന്‍ നോക്കിയിട്ട് കുലുങ്ങിയിട്ടില്ല ഇവര്‍. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇടിച്ചുകയറ്റത്തിനും ഇവര്‍ തടയിട്ടിരുന്നു. ഈ കൂടാരത്തെ ഉലക്കാന്‍ പക്ഷേ വേഗതയില്‍ എംബാപ്പെക്ക് കഴിയും, തന്ത്രങ്ങളില്‍ ഗ്രിസ്മാന് കഴിഞ്ഞേക്കാം, വായുവില്‍ ജിറൂഡിനും.

മറുഭാഗത്ത് ഫ്രഞ്ച് ഡിഫന്‍സിലേക്് വരുക. നായകന്‍ റാഫേല്‍ വരാനെയാണ് ഒന്നാമന്‍. റയല്‍ മാഡ്രിഡിന്റെ ശക്തനായ ഡിഫന്‍ഡര്‍. അദ്ദേഹത്തിന് കൂട്ടായി കിംപെമെ, ജിബ്രില്‍ സിദിബെ, ലുക്കാസ് ഹെര്‍ണാണ്ടസ് എന്നിവര്‍. ഇവരെ മറികടക്കാന്‍ ലൂയിസ് സുവാരസ്-എഡ്ഗാര്‍ കവാനി കോമ്പിനേഷന് കഴിഞ്ഞാല്‍ ഫ്രഞ്ച് ഗോള്‍ക്കീപ്പര്‍ ഹുഗോ ലോറിസിന്് പിടിപ്പത് പണിയാവും. ഈ ഡിഫന്‍സിനെ മൂന്ന് വട്ടം മറികടന്ന് അര്‍ജന്റീനക്കാര്‍ ഗോള്‍ നേടിയിരുന്നു എന്നതാണ് ഫ്രഞ്ചുകാര്‍ രഹസ്യമായി പറയുന്നത്.
മധ്യനിരയിലേക്ക് വന്നാല്‍ പക്ഷേ വ്യക്തമായ മുന്‍ത്തൂക്കം 98 ലെ ലോക ചാമ്പ്യന്മാര്‍ക്കാണ്. രണ്ട് എണ്ണം പറഞ്ഞ് മധ്യനിരക്കാരാണ് പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും. ഇവര്‍ക്കൊപ്പം കളിക്കേണ്ടിയിരുന്ന മറ്റൗഡി ഇന്ന് പുറത്തിരിക്കുന്നത് പക്ഷേ ക്ഷീണമാവും. റോഡിഗ്രോ ബെന്‍ഡാന്‍സറാണ് ഉറുഗ്വേ മധ്യനിരക്ക്് കരുത്ത് പകരുന്നത്. നഹിയാന്‍ നാന്‍ഡസ്, മത്തിയാസ് വസീനോ എന്നിവരുമുണ്ടാവും ലാറ്റിനമേരിക്കന്‍ മിഡ്ഫീല്‍ഡിന് ഊര്‍ജ്ജം പകരാന്‍.
പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ കവാനി ഇന്ന് കളി തുടങ്ങുംമുമ്പ് ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ഉറുഗ്വേ ക്യാംപിന്റെ പ്രതീക്ഷ. കവാനി ഇല്ലെങ്കിലും കളിക്കാനാവുമെന്ന് ലൂയിസ് സുവാരസ് പറയുന്നുണ്ടെങ്കിലും മത്സരത്തില്‍ സൂപ്പര്‍ താരത്തിന്റെ അസാന്നിധ്യം വ്യക്തമായും നിഴലിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം.

പരിശീലകരാവട്ടെ തന്ത്രങ്ങളുടെ ഉസ്താദുമാരാണ്. ഓസ്‌ക്കാര്‍ ടബരസ്-ഈ ലോകകപ്പിലെ ഏറ്റവും സീനിയര്‍ പരിശീലകന്‍. ആവേശമല്ല-ബുദ്ധിയാണ് മൈതാനത്ത് വേണ്ടതെന്ന് വിളിച്ചു പറയുന്ന കോച്ച്. ദീദിയര്‍ ദെഷാംപ്‌സാവട്ടെ ചരിത്രത്തിനാണ് ഒരുങ്ങുന്നത്. നായകന്‍ എന്ന നിലയില്‍ ലോകകപ്പ് ഉയര്‍ത്തിയ ഫ്രഞ്ചുകാരന് പരിശീലകന്‍ എന്ന നിലയിലും ഒന്നാമനായി കൈസര്‍ ബെക്കന്‍ബോവറുടെ റെക്കോര്‍ഡിലെത്തണം. കാണാന്‍ മറക്കരുത് ഈ കിടിലനങ്കം.

Film

കർമ്മയോദ്ധ തിരക്കഥ അപഹരണം: റെജി മാത്യുവിന് മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്.

Published

on

കോട്ടയം: മോഹൻലാൽ നായകനായ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ അപഹരിച്ചതാണെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി. തിരക്കഥാകൃത്ത് റെജി മാത്യുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. മേജർ രവി തിരക്കഥ മോഷ്ടിച്ചുവെന്ന് കണ്ടെത്തിയ കോടതി, റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചു.

മേജർ രവിയുടെ ആവശ്യപ്രകാരം കഥ എഴുതിയതായും, തനിക്കറിയാതെ തന്നെ തിരക്കഥ മറ്റൊരാൾക്ക് കൈമാറി സിനിമയാക്കിയതായും റെജി മാത്യു പ്രതികരിച്ചു. വീണ്ടും സിനിമാരംഗത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. വംശം, ആയിരം മേനി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് റെജി മാത്യു.

2012 ഡിസംബർ 21നാണ് കർമ്മയോദ്ധ തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുമ്പ് ചിത്രം നിയമക്കുരുക്കിലാകുകയും, തുടർന്ന് അഞ്ച് ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണമെന്ന് നിർദേശിച്ച് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ റിലീസിന് അനുമതി നൽകുകയും ചെയ്തിരുന്നു. തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നായിരുന്നു അന്ന് മേജർ രവിയുടെ ആരോപണം.

ചിത്രത്തിൽ മോഹൻലാൽ മാധവ മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആശ ശരത്, ഐശ്വര്യ ദേവൻ, ബിനീഷ് കൊടിയേരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായിരുന്നു. കർമ്മയോദ്ധ ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു.

Continue Reading

kerala

ഡിജിറ്റല്‍ തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി

കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Published

on

കോഴിക്കോട്: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തല്‍. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.  കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് വന്‍തോതില്‍ ഹവാല പണമിടപാട് നടക്കുന്നുണ്ടെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. താമരശ്ശേരി, കാക്കൂര്‍, കോടഞ്ചേരി മേഖലകളില്‍ പരാതി കൂടിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ജൂണ്‍മാസം മുതല്‍ നടത്തുന്ന അന്വേഷണത്തിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കേസില്‍ പ്രതിചേര്‍ത്ത എട്ടോളം പേര്‍ വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തല്‍. കംബോഡിയ, ചൈന എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സാന്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉള്‍പ്പെടെയുള്ളവര്‍ ക്രിപ്‌റ്റോ രൂപത്തിലാക്കി പണമെത്തിക്കുന്നത്. സംഘത്തിലെ ഉന്നതര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണം സംഘം പറഞ്ഞു.

 

Continue Reading

kerala

തടി ലോറി ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.

Published

on

എടത്വ: എടത്വ-കോതമംഗലം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ തടി കയറ്റിവന്ന ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. പുതുപ്പാടി കോളേജിലെ ബി.സി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായ എടത്വ തലവടി ആനപ്രമ്പാല്‍ കറുത്തേരില്‍ കുന്നേല്‍ വീട്ടില്‍ വിഷ്ണു (21) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ കാരക്കുന്നം പള്ളിക്ക് സമീപമായിരുന്നു അപകടം. ഹോസ്റ്റലില്‍ നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്. ഉടന്‍ നാട്ടുകാര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കിലുണ്ടായിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി കാരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മാതാവ് സിന്ധു (തലവടി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗം), പിതാവ് കൊച്ചുമോന്‍. ഏക സഹോദരന്‍ വിവേക് (എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി). പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം സ്വദേശമായ തലവടിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം പിന്നീട് നടക്കും.

 

Continue Reading

Trending