ലണ്ടന്‍/ന്യൂഡല്‍ഹി: ബി.ബി.സി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജൂറി അംഗമായി കമാല്‍ വരദൂര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2021 വര്‍ഷത്തെ മികച്ച ഇന്ത്യന്‍ വനിതാ കായിക താരത്തെ കണ്ടെത്താനുള്ള രാജ്യാന്തര പാനലിലാണ് തുടര്‍ച്ചയായി മൂന്നാം തവണയും കമാല്‍ അംഗമാവുന്നത്. 2020 ഒക്ടോബര്‍ ഒന്നിന് തുടങ്ങി 2021 സെപ്തംബര്‍ 30ന് അവസാനിക്കുന്ന കാലയളവിലെ മികച്ച അഞ്ച് ഇന്ത്യന്‍ വനിതാ കായിക താരങ്ങളെയായിരിക്കും ജൂറി നോമിനേറ്റ് ചെയ്യുക. ഇതിനൊപ്പം മികച്ച ഇന്ത്യന്‍ വനിതാ കായിക താരത്തെ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പുമുണ്ട്. 2022 മാര്‍ച്ചില്‍ ജേതാവിനെ പ്രഖ്യാപിക്കുമെന്ന് ബി.ബി.സി ന്യൂസ് ഇന്ത്യന്‍ മേഖലാ തലവന്‍ രൂപ് ജാ അറിയിച്ചു. മൂന്ന് ഒളിംപിക്‌സും മൂന്ന് ഫിഫ ലോകകപ്പും രണ്ട് ക്രിക്കറ്റ് ലോകകപ്പും ഉള്‍പ്പെടെ 42 രാജ്യാന്തര കായിക മാമാങ്കങ്ങള്‍ അദ്ദേഹം ചന്ദ്രികക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.