ഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നടി കങ്കണ റണൗത്ത്. രാജ്യത്തെ ഐക്യം തകര്‍ക്കാനെത്തിയ തീവ്രവാദികളാണ് കര്‍ഷകരെന്നാണ് കങ്കണയുടെ വിവാദ പരാമര്‍ശം.

കര്‍ഷക സമരം ആഗോളതലത്തില്‍ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് കങ്കണയുടെ വിദ്വേഷ പരാമര്‍ശം. കര്‍ഷകര്‍ക്ക് പിന്തുണയുമായി പോപ് ഗായിക റിഹാനയും രംഗത്തെത്തിയിരുന്നു. റിഹാനയുടെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.

‘ആരും ഇതേപ്പറ്റി സംസാരിക്കുന്നില്ല. അവര്‍ കര്‍ഷകരല്ല. തീവ്രവാദികളാണ്. രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് ഭിന്നതയുണ്ടാക്കാനെത്തിയ തീവ്രവാദികള്‍. ഐക്യം തകര്‍ന്നാല്‍ ചൈനയ്ക്ക് ഏറ്റവും എളുപ്പത്തില്‍ ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാം. ഇന്ത്യയെ ഒരു ചൈനീസ് കോളനിയാക്കാം അമേരിക്കയെ പോലെ. നിങ്ങളെ പോലെ മാതൃരാജ്യത്തെ വിറ്റ് തിന്നുന്നവരല്ല ഞങ്ങള്‍’, കങ്കണ ട്വിറ്ററിലെഴുതി.

കര്‍ഷക സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് കര്‍ഷകരെ പിന്തുണച്ച് പോപ് ഗായിക റിഹാന രംഗത്തെത്തിയത്. സമരം നടക്കുന്ന ഡല്‍ഹി അതിര്‍ത്തിയിലും മറ്റ് പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് വിഛേദിച്ച നടപടിയെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.