News

കന്നഡ-തമിഴ് നടി നന്ദിനി സി എം ജീവനൊടുക്കി

By webdesk18

December 30, 2025

26 കാരിയായ കന്നഡ-തമിഴ് ടെലിവിഷന്‍ നടി നന്ദിനി സി എം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കെങ്കേരിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. സര്‍ക്കാര്‍ ജോലി നേടാനും വിവാഹത്തിനും വീട്ടുകാര്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ നന്ദിനി വ്യക്തമാക്കുന്നു. താന്‍ അഭിനയം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും, വിഷാദരോഗവും വ്യക്തിപരമായ പ്രശ്‌നങ്ങളും നേരിടുന്നുവെന്നും കുറിപ്പില്‍ പറയുന്നു. നന്ദിനിയുടെ പിതാവ് 2019ല്‍ സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ആശ്രിത നിയമനത്തിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം നന്ദിനിക്ക് ലഭിച്ചിരുന്നു. നന്ദിനിയെ ഫോണില്‍ ലഭിക്കാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ താമസസ്ഥലത്തെ വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി വാതില്‍ തുറന്ന് പരിശോധിക്കുമ്പോള്‍, ജനാലക്കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് നന്ദിനിയെ കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും, നിലവില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.