കൊച്ചി: കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തില്‍ മരിച്ച ആളുടെ രണ്ട് വയസുള്ള മകള്‍ക്ക് ഒന്നര കോടി നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ഇന്ത്യ. ഇക്കാര്യം എയര്‍ ഇന്ത്യ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. അപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്കാണ് ഈ നഷ്ടപരിഹാരം കിട്ടുക. 1.51 കോടി രൂപ നല്‍കാമെന്നാണ് കമ്പനി അറിയിച്ചത്. തുക എത്രയും വേഗം നല്‍കാന്‍ ഷറഫുദ്ദീന്റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹരജി തീര്‍പ്പാക്കി ജസ്റ്റിസ് എന്‍. നഗരേഷ് ഉത്തരവിട്ടു.

വിമാനാപകട ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.

ഹര്‍ജിക്കാര്‍ക്ക് അന്തര്‍ ദേശീയ സ്റ്റാന്റേര്‍ഡ് പ്രകാരമുള്ള കുറഞ്ഞ തുക പോലും അനുവദിച്ചിട്ടില്ലെന്നും ഇത് നല്‍കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരത്തെ ഹര്‍ജി പരിഗണിക്കവെ ഹര്‍ജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാറും എയര്‍ ഇന്ത്യയും (നാഷനല്‍ ഏവിയേഷന്‍ കമ്ബനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന് ഹരജിക്കാരും അറിയിച്ചു. തുടര്‍ന്ന് എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് വിമാനക്കമ്പനി അറിയിച്ചത്.