ബംഗളൂരു: കര്‍ണാടക തലസ്ഥാനമായ ബംഗളൂരൂ രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയില്‍. ഞായറാഴ്ച മാത്രം ബംഗളൂരുവില്‍ രണ്ടായിരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചിന്റെ തുടക്കത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍ കോവിഡ് കേസുകളില്‍ പത്തുമടങ്ങിന്റെ വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകര്‍ പറഞ്ഞു.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സമാനമായി കര്‍ണാടകയിലും ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ തവണത്തെ പോലെ ബംഗളൂരു നഗരം തന്നെയാണ് കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 300 കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 30 ദിവസം കൊണ്ട് ഇത് പത്തുമടങ്ങായി വര്‍ധിച്ചിരിക്കുകയാണ്.

ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണം. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്ന് സുധാകര്‍ പറഞ്ഞു. ഒരുതരത്തിലുള്ള ഒത്തുകൂടലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.