ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഒരു എം.എല്‍.എ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ പ്രതാപ് ഗൗഡ പാട്ടീലാണ് ഇന്നു പുലര്‍ച്ചെയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നത്.

ഇന്നലെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. എച്ച്.നാഗേഷ്, ആര്‍.ശങ്കര്‍ എന്നിവരാണ് ഇന്നലെ പിന്തുണ പിന്‍വലിച്ചത്. ഇക്കാര്യം അറിയിച്ച് ഇരുവരും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

നിലവില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബൈയിലുണ്ട്. ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ആഭ്യന്തരമന്ത്രി എം.ബി പാട്ടില്‍ ഇവരുമായി മുംബൈയിലെത്തി കൂടിക്കാഴ്ച നടത്തും. 13 എം.എല്‍.എമാരെയെങ്കിലും തങ്ങള്‍ക്കൊപ്പം നിര്‍ത്തിയാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.

അതേസമയം കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും. മുഴുവന്‍ എം.എല്‍.എമാരോടും ബംഗളൂരുവിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എമാരെ നിരീക്ഷിക്കുന്നതിന് മൂന്ന് മന്ത്രിമാരെ ജെ.ഡി.എസ് നിയോഗിച്ചു.