india

കര്‍ണാടകയില്‍ ക്ഷേത്ര പരിപാടിക്കിടെ സംഘര്‍ഷം; 50 പേര്‍ അറസ്റ്റില്‍

By web desk 1

August 21, 2020

ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പലില്‍ ക്ഷേത്ര പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഥം ബലം പ്രയോഗിച്ച് ക്ഷേത്രത്തിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗേറ്റ് തകര്‍ന്നിരുന്നു. കുസ്തിഗി താലൂക്കിലെ ദോഡിഹല്‍ ഗ്രാമത്തിലാണ് സംഭവം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ക്ഷേത്രത്തില്‍ പരിപാടി നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. നിയന്ത്രണങ്ങളോടെ ക്ഷേത്രത്തിലെ ചടങ്ങ് നടത്താനാണ് തഹസില്‍ദാര്‍ അനുമതി നല്‍കിയതെന്ന് എസ് പി ജി സംഗീത മാധ്യമങ്ങളോട് പറഞ്ഞു.

ചടങ്ങിന്റെ തുടക്കത്തില്‍ കുറച്ച് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആളുകളുടെ എണ്ണം വര്‍ധിച്ചു. തുടര്‍ന്ന് ക്ഷേത്രവാതില്‍ അധികൃതര്‍ ക്ഷേത്രവാതില്‍ അടച്ചു. എന്നാല്‍ കുപിതരായ ജനക്കൂട്ടം ഗേറ്റ് തകര്‍ത്ത് രഥം പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ലാത്തിചാര്‍ജ്ജ് നടത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. സിസിടിവി പരിശോധിച്ചാണ് 50 പേരെ അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ ഭൂരിഭാഗം ഒളിവിലാണെന്നും അവര്‍ തിരിച്ചെത്തിയാല്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ആളുകള്‍ ഒളിവില്‍ പോയതോടെ ഗ്രാമത്തില്‍ കുട്ടികളും സ്ത്രീകളും മാത്രമേയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍ 2.7 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4000ത്തോളം പേര്‍ മരിക്കുകയും ചെയ്തു.