Connect with us

india

വയനാടിനെ ചേർത്തുപിടിച്ച് കർണാടക; അവശ്യസാധനങ്ങളുമായി 9 ട്രക്കുകള്‍ കൂടി കേരളത്തിലേക്ക്; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഫ്ലാഗോഫ് ചെയ്തു

ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

Published

on

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടിനെ ചേർത്തുപിടിച്ച് കർണാടകത്തിലെ കോണ്‍ഗ്രസ് സർക്കാർ. അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി 9 ട്രക്കുകള്‍ കർണാടകത്തില്‍ നിന്നും വയനാട്ടിലേക്ക് തിരിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഫ്ലാഗോഫ് ചെയ്തു. ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

ബിടിഎം, ജയനഗർ നിയമസഭാ മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങളുമായാണ് ട്രക്കുകള്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്. ജയനഗർ മുൻ എംഎൽഎ സൗമ്യ റെഡ്ഡി, മുൻ ബിബിഎംപി മേയർ മഞ്ജുനാഥ് റെഡ്ഡി, നാഗരാജു, മഞ്ജുനാഥ്  തുടങ്ങിയവരും ഒപ്പമുണ്ട്. വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി 1.32 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികളാണ് കർണാടക 9 ട്രക്കുകളിലായി അയക്കുന്നത്.

നേരത്തെ കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് വയനാട്ടിലെ ജനങ്ങള്‍ക്കായി ലോറികളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. വയനാട് പുനരധിവാസത്തിനായി 100 വീടുകള്‍ കർണാടക സർക്കാർ നിർമ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

ഫ്ലാഗ് ഓഫ് ചടങ്ങിൽ എംഎൽസി യു.ബി. വെങ്കിടേഷ്, കെപിസിസി ട്രഷറർ കൃഷ്ണരാജു, ബി. മല്ലികാർജുന, ചന്ദ്രപ്പ, ആനന്ദ്, മഞ്ജുള സമ്പത്ത്, ബി. മോഹൻ, ഗോവർദ്ധൻ റെഡ്ഡി, മുനിരാജു, വെങ്കിടസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അരവിന്ദ് കെജ്രിവാൾ നാളെ ലെഫ്റ്റനന്റ് ഗവർണ‌റെ കാണും; രാജിക്കത്ത് നൽകും

നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോ​ഗം ചേരും

Published

on

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാളെ രാജിവയ്ക്കും. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചു. നാളെ വൈകുന്നേരം 4.30നാണ് കൂടിക്കാഴ്ച. ഇതിനു ശേഷമായിരിക്കും രാജിയെന്ന് ആം ആദ്മി നേതാക്കള്‍ അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോ​ഗം ചേരും.

അരവിന്ദ് കെജ്രിവാൾ നാളെ രാജി വയ്ക്കുന്നതോടെ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്നതിൽ ചർച്ച സജീവമായിരിക്കുകയാണ്. കെജ്‍രിവാൾ നാളെ രാജിവയ്ക്കുമെന്നും മറ്റു നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവും മന്ത്രിയുമായ ഭരദ്വാജ് പറഞ്ഞു. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയെ തീരുമാനിക്കും. മന്ത്രിമാരായ അതിഷി, ,സൗരദ് ഭരദ്വാജ്, ഗോപാൽ റായി കൈലാഷ് ഗഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും ചർച്ചകളിലുണ്ട്.

Continue Reading

crime

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു

Published

on

ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മീനയാണ് കൊല്ലപ്പെട്ടത്. മീനയുടെ ഭര്‍ത്താവ് സുന്ദര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

രണ്ടുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുക്കൊണ്ട് സുന്ദര്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ടിവിഎസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഉപദ്രവത്തെ തുടര്‍ന്ന് മീന സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍ ഭാര്യവീട്ടിലെത്തിയ പ്രതി മീനയെ തന്റെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചും കഴുത്ത് ഞെരിച്ചും ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പരാതി.

സംഭവമറിഞ്ഞ് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. യുവതിയുടെ മരണത്തില്‍ സുന്ദറിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

india

പള്ളിക്കെതിരായ ഹിന്ദുത്വ വാദികളുടെ പ്രകടനം; ഷിംലയില്‍ ബി.ജെ.പി-വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.

Published

on

ഹിമാചല്‍ പ്രദേശിലെ സഞ്ജൗലിയില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്ത് നിരത്തിലിറങ്ങിയവര്‍ക്കെതിരെ നടപടി. പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട 50 ബി.ജെ.പി പ്രവര്‍ത്തക്കെതിരെയും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നടപടികള്‍ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഏതാനും പ്രവര്‍ത്തകര്‍ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് പ്രതിഷേധമെന്നും സഞ്ജീവ് ഗാന്ധി ചൂണ്ടിക്കാട്ടി.

വിദ്വേഷം വളര്‍ത്തല്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, ആക്രമണം, വ്യാജ പ്രചാരണം, അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്ജിദ് പൊളിക്കാന്‍ തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സഞ്ജൗലിയില്‍ എത്തിയത്. പൊലീസുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ലാത്തി ചാര്‍ജിനിടയില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റുകയുണ്ടായി.

അതേസമയം മസ്ജിദ് നിര്‍മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് സംസ്ഥാന വഖഫ് ബോര്‍ഡ് പ്രതികരിച്ചിരുന്നു. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം ഒരു നിലയുള്ള മസ്ജിദ് കെട്ടിടം സഞ്ജൗലിയില്‍ നിര്‍മിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ മസ്ജിദില്‍ കൂടുതലായി പണിതിട്ടുള്ള അധിക നിലകളെ സംബന്ധിച്ച വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ വാദം.

മസ്ജിദ് നിലവില്‍ കോടതിയുടെ പരിഗണനിയിലാണ്. 2000 ല്‍ ഷിംല മുന്‍സിപ്പില്‍ കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.

പള്ളി പൊളിക്കണമെന്ന് ആഹ്വാനം ചെയ്ത് ഷിംലയില്‍ ആള്‍ക്കൂട്ടമെത്തിയതിന് പിന്നാലെ ഹിന്ദു ജാഗരന്‍ മഞ്ച് സെക്രട്ടറി കമല്‍ ഗൗതം ഉള്‍പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി, വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരിക്കുനന്ത്.

Continue Reading

Trending