കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമണം നടത്തി. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകി (54)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രവീന്ദ്രനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മദ്യലഹരിയിലായിരുന്ന രവീന്ദ്രന്‍ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചതായാണ് പൊലീസ് പറയുന്നത്. ആക്രമണം തടയാന്‍ എത്തിയ ഒരു ബന്ധുവിനെയും ഇയാള്‍ ആക്രമിച്ചതായി പൊലീസ് വ്യക്തമാക്കി.
പരുക്കേറ്റ ജാനകിയെയും ബന്ധുവിനെയും ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.