കാസര്‍കോഡ്: കാസര്‍കോഡ് സുഹൃത്തിന്റെ കുത്തേറ്റ് 16 വയസ്സുകാരന്‍ മരിച്ചു. മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ്‌ലാജാണ് മരിച്ചത്. മിദ്‌ലാജിനെ കുത്തിയ സുഹൃത്തിനെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസര്‍കോഡ് മുട്ടത്തുള്ള മതസ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. ഇതേ സ്ഥാപനത്തിലെ പാചക തൊഴിലാളിയാണ് യൂസുഫ്. വിവരമറിഞ്ഞ് കുമ്പള സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പെട്ടെന്നുണ്ടായ പ്രകോപനമാണ് കുത്തില്‍ കലാശിച്ചത്.

കത്രിക ഉപയോഗിച്ച് മിദ്‌ലാജിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിദ്‌ലാജിനെ കുത്തിയ കര്‍ണാടക ബണ്ടാള്‍ സ്വദേശിയായ 16-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.