കാസര്‍കോട്: പൊലീസ് വാഹനപരിശോധനക്കിടെ ബൈക്ക് തടഞ്ഞുവെച്ച് രേഖകള്‍ പരിശോധിക്കവെ അമിതവേഗതയില്‍ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മംഗലാപുരത്ത് എം.ബി.എ വിദ്യാര്‍ത്ഥിയായ കൊല്ലമ്പാടിയിലെ ഇബ്രാഹിമിന്റെ മകന്‍ സുഹൈലാ(20)ണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ അണങ്കൂര്‍ ദേശീയ പാതയിലാണ് സംഭവം. കാസര്‍കോട് ടൗണില്‍ നിന്ന് കൊല്ലമ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു സുഹൈല്‍. ഇതിനിടെ പോലീസ് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുകയും നടുറോഡില്‍ വെച്ച് തന്നെ വിവരങ്ങള്‍ ആരായുകയുമായിരുന്നു. ബൈക്ക് പരിശോധിക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിനെയും സുഹൈലിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങി.

അപകടത്തിനിടയാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലാണ്. സുഹറയാണ് മാതാവ്: സഹോദരങ്ങള്‍: സഫ്‌വാന്‍, ഷാനിയ.