ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി അടക്കമുള്ളവരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. കശ്മീരിലെ കുല്‍ഗാമില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.

യുവമോര്‍ച്ച സെക്രട്ടറി ഫിദ ഹുസൈന്‍ യാറ്റൂ, പാര്‍ട്ടി പ്രവര്‍ത്തകരായ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്. ഓഫീസില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം നടന്നത്. വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ മൂവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി.