ന്യൂഡല്‍ഹി: ഹാത്രാസില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് യുപി സര്‍ക്കാറും പൊലീസും കൊടും ക്രൂരത തുടരുന്നതിനിടെ യോഗി സര്‍ക്കാറിനെ പരോക്ഷമായി പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവള്‍. കഴിഞ്ഞ ദിവസം ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധ പരിപാടിയിലാണ് കെജരിവാള്‍ പങ്കെടുത്തത്. ഹാത്രാസ് പീഡനക്കേസില്‍ രാഷ്ട്രീയമില്ലെന്നാണ് കെജരിവാളിന്റെ നിലപാട്. സ്ത്രീകള്‍ക്കെതിരായ അതിക്രമം രാജ്യത്ത് എവിടെയാണെങ്കിലും അവസാനിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഹാത്രാസ് പീഡനത്തിന് പിന്നാലെ നടക്കുന്ന ഭരണകൂട ഭീകരതയെക്കുറിച്ച് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് ആദിത്യനാഥ് സര്‍ക്കാറിനെ പരോക്ഷമായി പിന്തുണച്ച് കെജരിവാള്‍ രംഗത്ത് വന്നിരിക്കുന്നത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് ശേഷം ആ കുടുംബത്തോട് യോഗി സര്‍ക്കാര്‍ ചെയ്യുന്ന ക്രൂരതകളാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് ഹാത്രാസ് പീഡനക്കേസില്‍ ഒരു രാഷ്ട്രീയവുമില്ലെന്ന് കെജരിവാള്‍ പറയുന്നത്.

ഹാത്രാസില്‍ നടന്നത് ജാതിക്കൊലയാണ്. ഇത് ചര്‍ച്ച ചെയ്യാന്‍ കെജരിവാളിനും മടിയുണ്ട് എന്നതാണ് അദ്ദേഹത്തെ പ്രസ്താവന തെളിയിക്കുന്നത്. അതിനിടെ ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും വീണ്ടും ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുപി അതിര്‍ത്തി അടച്ച് വന്‍ പൊലീസ് സന്നാഹത്തെ അണിനിരത്തി രാഹുലിനെ തടയാനൊരുങ്ങുകയാണ് യുപി പൊലീസ്.